 
അങ്കമാലി: തുറവൂർ പഞ്ചായത്തിലെ ആറാട്ടുപുഴയിൽ നീരൊഴുക്ക് തടസം ഒഴിവാക്കാൻ നടക്കുന്ന ജോലികളിൽ വൻ ക്രമക്കേടെന്ന് പരാതി. ഹിറ്റാച്ചി ഉപയോഗിച്ചുള്ള ശുചീകരണത്തിലാണ് തട്ടിപ്പ് .തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാൻ മഴക്കാലം തുടങ്ങുന്ന ഘട്ടത്തിൽ എമർജൻസി പ്രവൃത്തി എന്ന നിലയിലാണ് ശുചീകരണം നടക്കുന്നത്. ആറാട്ടുപുഴയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് 31 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് ഇത്തരം ജോലികൾ നടത്തേണ്ടത്. എന്നാൽ എമർജൻസിയുടെ മറവിൽ ടെൻഡർ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിക്കാതെ താല്പര്യമുള്ളവർക്കാണ് ഇവിടെ കരാർ നൽകുന്നത്. ഈ ഇടപാടിൽ ഉദ്യോഗസ്ഥരും കരാറുകാരും ശതമാന അടിസ്ഥാനത്തിൽ വീതംവെപ്പ് നടത്തുന്നുവെന്നും പരാതിയുണ്ട്. തോട്ടിലെ പായലും കുളവാളകളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ഹിറ്റാച്ചിയാണ് ഉപയോഗിക്കുന്നത്. ഒരു ഹിറ്റാച്ചി ഒരു മണിക്കൂറിൽ ജോലി ചെയ്യുന്നതിന് 2200 രൂപയാണ് മൈനർ ഇറിഗേഷൻ വകുപ്പിന്റെ കണക്ക് പ്രകാരമുള്ളത്. ഒരു ഹിറ്റാച്ചി കൊണ്ട് മാത്രം നിർമ്മാണം നടത്തി, ദിവസവും മൂന്ന് ഹിറ്റാച്ചിയുടെ പ്രവർത്തനം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയാണ് തട്ടിപ്പ്. നീക്കം ചെയ്യുന്ന പായലും ചേമ്പും ചളിയും തോടിന്റെ ഓരത്ത് തന്നെയാണ് നിക്ഷേപിച്ചിട്ടുള്ളത്. കനത്ത മഴ ഒരു ദിവസം പെയ്താൽ ഇവയെല്ലാം തിരിച്ച് തോട്ടിലേക്ക് തന്നെ വീഴും. ആറാട്ടുപുഴയിൽ ഇപ്പോൾ നടക്കുന്ന ജോലികളെ സംബന്ധിച്ച് അന്വേഷണം നടത്തി തട്ടിപ്പിന് ഒത്താശ ചെയ്യുന്ന മൈനർ ഇറിഗേഷൻ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും നാട്ടുകാർ പറയുന്നു.