
വൈപ്പിൻ: വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർദ്ധിപ്പിക്കാനുള്ള നൂതന പദ്ധതിയായ ടെക്‌നോവാലി ലോക്കൽ സെൽഫ് ഗവൺമെന്റ് യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന് വൈപ്പിനിൽ തുടക്കമായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ടെക്‌നോവാലി സോഫ്റ്റ് വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പു വെച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എ. അദ്ധ്യക്ഷനായി. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഈ നൂതന പദ്ധതിയിലൂടെ സാദ്ധ്യമാകും.
ഓരോ പഞ്ചായത്തിലെയും തൊഴിൽരഹിതരായ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി അപ് സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ് എന്നിവയിലൂടെ ഐ.ടി അനുബന്ധ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പദ്ധതി സൗജന്യമായാണ് ടെക്‌നോവാലി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ച് ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്‌ഷോപ്പുകൾ, സൈബർ സെക്യൂരിറ്റി, എ.ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ വെബിനാറുകൾ സംഘടിപ്പിക്കും. പാർട്ടിസിപ്പേഷൻ, സ്‌കിൽ തിരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, സൗജന്യ കരിയർ കൗൺസിലിംഗ് എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വികസനകാര്യ അദ്ധ്യക്ഷ സുബോധ ഷാജി, ക്ഷേമകാര്യ അദ്ധ്യക്ഷൻ ഇ.കെ. ജയൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, രമണി അജയൻ, ടെക്‌നോവാലി സോഫ്റ്റ് വെയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ്, അസി. ജനറൽ മാനേജർ ഡോ. കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു.