നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ഏവിയേഷൻ അക്കാഡമി കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സി.ഐ.എ.എസ്.എൽ) വിമാനത്താവള അഗ്നിശമന സുരക്ഷാ ട്രെയിനികൾക്കുള്ള അടിസ്ഥാന പരിശീലനകോഴ്സ് രണ്ടാംബാച്ച് പാസിംഗ് ഔട്ട് പരേഡ് നടത്തി.
നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 55 ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. സിയാൽ എം.ഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ, മാർച്ച്പാസ്റ്റ്, അഗ്നിശമന അഭ്യാസപ്രകടനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. സിയാൽ എ.ആർ.എഫ്.എഫിലെ 6 ജൂനിയർ മാനേജർ ട്രെയിനിമാർക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 49 ട്രെയിനികളും പരിശീലനം നേടി.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു സിലബസ്. സി.ഐ.എ.എസ്.എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് പൂവട്ടിൽ, സിയാൽ എ.ആർ.എഫ്.എഫ് ഹെഡ് സോജൻ കോശി, കോസ്റ്റ്ഗാർഡ് കമാൻഡിംഗ് ഓഫീസർ വരുൺ ഉപാദ്ധ്യായ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭക്ത്കോടി, മറ്റ് ഓഫീസർമാർ, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിൽ (എ.സി.ഐ) നിന്ന് അടുത്തിടെ സി.ഐ.എ.എസ്.എല്ലിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു. കുസാറ്റ് അംഗീകാരത്തോടെ സി.ഐ.എ.എസ്.എൽ അക്കാഡമി പുതിയ വ്യവസായാധിഷ്ഠിത കോഴ്സുകൾ കൂടി ആരംഭിക്കും. ആഗസ്റ്റിൽ പുതിയ എ.ആർ.എഫ്.എഫ് കോഴ്സ് കൂടി തുടങ്ങും.