കോലഞ്ചേരി: മഴ മുറുകിയതോടെ മഴക്കള്ളന്മാർക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. മഴക്കാലമോഷണ വിരുതന്മാരായ തിരുട്ടുഗ്രാമ കള്ളന്മാർ എത്താനുള്ള സാദ്ധ്യതകൂടി പരിഗണിച്ചാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോലഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടന്നിട്ടുണ്ട്. മണ്ണൂർ അമ്പലത്തിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിലാവുകയും ചെയ്തു.
മുൻകരുതൽ പ്രധാനമെന്നാണ് പൊലീസിന്റെ നിദ്ദേശം. വീടിനുള്ളിൽ പണവും സ്വർണവും സൂക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വാതിലുകൾക്ക് സുരക്ഷ കൂട്ടണമെന്നും പൊലീസ് പറയുന്നു. പൂട്ടിയിട്ട വീടുകളുടെ മുന്നിൽ പത്രവും പാലും വയ്ക്കരുത്. ഇത് മോഷ്ടാക്കളുടെ ശ്രദ്ധ പതിയാൻ ഇടവരുത്തും. പകൽ സമയത്ത് എത്തുന്ന വിവിധതരം വില്പനക്കാർ, ആക്രി പെറുക്കുന്നവർ, ഭിക്ഷാടകർ എന്നിവരെ ഒഴിവാക്കണം. വീട്ടുപരിസരങ്ങളിൽ അന്യസംസ്ഥാന സ്വദേശികളുടെ സംഘങ്ങളെ കണ്ടാൽ ശ്രദ്ധിക്കണം. വീട് പൂട്ടി പോകുന്നവർ അയൽപക്കത്തുള്ളവരെയോ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെയോ വിവരം ധരിപ്പിക്കണം. പൊലീസിന്റെ പൊൽ ആപ്പ് വഴി വഴിയും വിവരം അറിയിക്കാം. രാത്രികാലങ്ങളിൽ വീടിന് മുന്നിലും പുറകിലും ലൈറ്റുകൾ തെളിയിച്ചിടണമെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.
പ്രിയം അടുക്കള വാതിൽ
മുൻ വാതിലുകൾ തകർത്ത് കയറിയിരുന്ന മോഷണ സംഘങ്ങൾക്ക് ഇപ്പോൾ പ്രിയം അടുക്കള വാതിലുകളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ നടന്ന മോഷണ കേസുകളെല്ലാം അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ്.
പൊലീസ് നിർദേശങ്ങൾ
മാരാകായുധങ്ങൾ വീടിനു പുറത്തിടരുത്
വീടിന്റെ പുറംവാതിലിനു ക്രോസ് ബാർ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനം ഒരുക്കണം,
ജനൽ പാളികൾ രാത്രി അടച്ചിടണം
രാത്രി ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്
രാത്രി കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുക
കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക
ആരെങ്കിലും കോളിംഗ് ബെൽ അടിച്ചാൽ നേരെ ചെന്ന് വാതിൽ തുറക്കരുത്
പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ വാതിൽ തുറക്കരുത്
പൊലീസ് സ്റ്റേഷൻ നമ്പർ വീട്ടിലെഴുതി സൂക്ഷിക്കുക
കഴിയുന്നവർ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുക
പൊലീസ് സ്റ്റേഷൻ ഫോൺ നമ്പറുകൾ
പെരുമ്പാവൂർ: 0484 2591411
കോതമംഗലം: 0485 2862328
മൂവാറ്റുപുഴ: 0485 2832304
കൂത്താട്ടുകുളം: 0485 2252323
കുന്നത്തുനാട്: 0484 2688260
പുത്തൻകുരിശ്: 0484 2760264
തടിയിട്ടപറമ്പ്: 0484 2678260