കൊച്ചി: കൊവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയും ഉപഭോക്തൃ അവകാശങ്ങൾ അവഗണിക്കുകയും ചെയ്ത ആൻഡമാനിലെ ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാരകോടതി ഉത്തരവിട്ടു.
ഹോട്ടലിൽ മുറി ബുക്കുചെയ്ത തുകയായ 27,810 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരം, കോടതിച്ചെലവ് എന്നിവയിൽ 35,000 രൂപയും ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവ്.
കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥ് ആൻഡമാൻ ദീപിലെ സീഷെൽ ഹോട്ടൽ റിസോർട്ട് ആൻഡ് സ്പായ്ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതിയുടെ ഉത്തരവ്.
ഓൺലൈൻ ഏജൻസി മുഖേനയാണ് പരാതിക്കാരൻ രണ്ട് റൂം ബുക്കുചെയ്തത്. 27,810രൂപയും നൽകി. കൊവിഡ് കാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ട ഉത്തരവ് വന്നതോടെ വിനോദയാത്ര മുടങ്ങി.
പണം തിരികെ ലഭിക്കാൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരുദിവസം മുറിനൽകാമെന്നാണ് അറിയിച്ചത്. യാത്രയുമായി ബന്ധപ്പെട്ട വിമാനടിക്കറ്റ് ഉൾപ്പെടെ തുകതിരിച്ചുകിട്ടിയെങ്കിലും ഹോട്ടൽ മാത്രം കൊവിഡ് സംബന്ധിച്ച സുപ്രീംകോടതിയുടെ പൊതുനിർദ്ദേശം നടപ്പാക്കാൻ തയ്യാറായില്ല. പരാതിക്കാരന് വേണ്ടി അഡ്വ. രാജരാജവർമ്മ ഹാജരായി.