
ആലുവ: ആലുവയിലെ നിർദ്ദിഷ്ട ജനറൽ മാർക്കറ്റ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ആലുവയിലെത്തിയപ്പോൾ ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മത്സ്യസമ്പത്ത് യോജന പദ്ധതിയിൽപ്പെടുത്തി 28 കോടി രൂപയാണ് നിർദ്ദിഷ്ട മാർക്കറ്റ് നിർമ്മാണത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് 20 കോടി രൂപ കൂടി ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത്. കൃത്യമായും സമയബന്ധിതമായും പദ്ധതി നിർവഹണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. സെന്തിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, കെ.ആർ. റെജി, നഗരസഭ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ബി.ജെ.പി മുനിസിപ്പൽ സമിതി പ്രസിഡന്റ് ആർ. പത്മകുമാർ എന്നിവരാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.