 
കോലഞ്ചേരി: സംസ്ഥാനത്തെ മികച്ച എൻജിനിയറിംഗ് കോളേജുകളിൽ ഒന്നായ കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചു. ശാസ്ത്രസാങ്കേതികരംഗത്തും തൊഴിൽമേഖലയിലും കൂടുതൽ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ഓഷ്യൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസിൽ അഡ്വാൻസ്ഡ് കോഴ്‌സുകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്നീ കോഴ്‌സുകളാണ് പുതുതായി ആരംഭിക്കുന്നത്. കൂടാതെ ബി. ടെക് കമ്പ്യൂട്ടർ സയൻസിലും നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എൻജിനിയറിംഗ് കോഴ്‌സിലും സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കുന്നുണ്ട്.
2002ൽ 4 ബ്രാഞ്ചുകളിൽ ബി.ടെക് കോഴ്‌സുകളുമായി പ്രവർത്തനം ആരംഭിച്ച കോളേജിൽ ഇന്ന് 8 ബ്രാഞ്ചുകളിൽ ബി.ടെക് കോഴ്‌സുകളും 3 എം.ടെക് കോഴ്‌സുകൾക്കും പുറമെ എം.ബി.എ, എം.സി.എ എന്നീ കോഴ്‌സുകളും പിഎച്ച്.ഡി ഗവേഷണകേന്ദ്രവും പ്രവർത്തിച്ചുവരുന്നു. പെരുമ്പാവൂർ കേന്ദ്രമായ ശ്രീനാരായണ ഗുരുകുലം ട്രസ്റ്റിന്റെ നിയന്ത്റണത്തിലാണ് കോളേജിന്റെ പ്രവർത്തനം. അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും ഫീസാനുകൂല്യങ്ങളുമുണ്ട്.