
കൊച്ചി: 40 കോടി മുടക്കി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ )സ്ഥാപിച്ച വഴിവിളക്കുകൾ മാസങ്ങൾ കഴിഞ്ഞിട്ടും കത്തുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം രംഗത്ത്. വഴിവിളക്കുകൾ തെളിക്കുന്നതിന് ഒരുമാസം 1. 30 കോടി രൂപയാണ് കൊച്ചി നഗരസഭ വൈദ്യുതി നിരക്കായി ചെലവാകുന്നത്. ഊർജ്ജ സംരക്ഷണത്തിൽ ഉൾപ്പെടുത്തി 40 കോടി രൂപയാണ് സി.എസ്.എം.എൽ നഗരത്തിലെ വഴിവിളക്കുകൾ എൽ.ഇ.ഡി ആക്കാൻ കരാറേറ്റെടുത്തത്. ഏഴുവർഷം പ്രവർത്തനവും അറ്റകുറ്റപ്പണിയും അഞ്ചുവർഷം വാറന്റിയും അടക്കമാണ് കരാർ.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും ആവശ്യങ്ങളും
കത്തിക്കൊണ്ടിരിക്കുന്ന ലൈറ്റുകൾ മാറ്റി പുതിയ എൽ.ഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് രണ്ടുദിവസത്തിനുള്ളിൽ കേടാകുന്നു
ആദ്യം നൽകിയ ഉന്നത നിലവാരമുള്ള 90 വാട്ട്‌സിന്റെ ലൈറ്റുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
60, 30 വാട്സ് ലൈറ്റുകൾ ഓണാക്കുമ്പോൾ തന്നെ കെടുന്നു
കരാറുപ്രകാരം 24 മണിക്കൂറിനുള്ളിൽ തകരാറിലായവ മാറ്റിസ്ഥാപിക്കേണ്ടതാണെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും സി.എസ്.എം.എൽ ലൈറ്റുകൾ മാറ്റുന്നില്ല.
കരാറെടുത്ത കമ്പനി നിലവാരം കുറഞ്ഞ ലൈറ്റുകളാണോ ഇടുന്നതെന്ന് ടെക്‌നിക്കൽ കമ്മിറ്റി പരിശോധിക്കണം
വഴിവിളക്കുകൾ സ്ഥാപിക്കുന്ന കരാർ കാലാവധി അവസാനിക്കാറാകുമ്പോഴും 20 ശതമാനം മാത്രമാണ് പൂർത്തീകരിച്ചത്.
സി.എസ്.എം.എൽ ഫണ്ടുകൾ പ്രയോജനകരമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം
പ്രതിഷേധിച്ചു
സി.എസ്.എം.എൽ വഴിവിളക്കിലെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ സി.എസ്.എം.എൽ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. വി.കെ. മിനിമോൾ, ആന്റണി പൈനുന്തറ, ഹെൻട്രി ഓസ്റ്റീൻ, കെ.ആർ. പത്മദാസ്, സക്കീർ തമ്മനം, മനാഫ്, ടിബിൻ ദേവസി, രജനി മണി, ശാന്ത, സീന എന്നിവർ സംസാരിച്ചു.
ഏഴുവർഷം ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് നൽകേണ്ട കമ്പനി ആദ്യഘട്ടത്തിൽ തന്നെ ഇത്രയും കാലതാമസം വരുത്തിയാൽ മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലാകും
അഡ്വ. ആന്റണി കുരീത്തറ
പ്രതിപക്ഷ നേതാവ്