 
കൂത്താട്ടുകുളം: ആയിരത്തിലേറെ വായനക്കുറിപ്പുകളുടെ പ്രകാശനവുമായി കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ നടന്ന വായനദിനം ശ്രദ്ധേയമായി. അവധിക്കാല വായനക്ക് നൽകിയ പുസ്തകങ്ങൾ വായിച്ചാണ് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കിയത്.
കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല സഹകരണത്തോടെ ആരംഭിച്ച വായന വർഷം 2024 നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ.എ പ്രസിഡന്റ് ഹണി റെജി അദ്ധ്യക്ഷയായി. വായനക്കുറിപ്പുകൾ സാഹിത്യകാരൻ രമേശൻ മുല്ലശേരി പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് കരിമ്പന പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് സി.എൻ. പ്രഭകുമാർ ഉപഹാര സമർപ്പണം നടത്തി.
എബിൻ മാത്യുവിന്റെ കഥകൾ ഉൾപ്പെടുന്ന പുസ്തകം കഥായനം സ്കൂളിന് കൈമാറി. ഹെഡ്മിസ്ട്രസ് ടി.വി. മായ, കെ.ജി. മല്ലിക, സി.എച്ച്. ജയശ്രി, എം.കെ. ഹരികുമാർ, എസ്. പൗർണമി, സാറ മനു എന്നിവർ സംസാരിച്ചു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന വായന മത്സരം നടത്തും. നൂറ് പുസ്തകത്തിലേറെ വായിച്ച് കുറിപ്പെഴുതുന്നവർക്ക് സൗജന്യ വിനോദയാത്ര, കളിയുപകരണങ്ങൾ തുടങ്ങി നൂറോളം സമ്മാനങ്ങൾ നൽകും. മത്സരം സമാപിക്കുന്ന ഡിസംബർ 7 വരെ എല്ലാമാസവും ഫലം വിലയിരുത്തി പ്രോത്സാഹന സമ്മാനങ്ങളും നൽകും.