ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ അരക്കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരു സ്വദേശിനി സർമീൻ അക്തർ (26) പിടിയിലായ കേസിൽ മട്ടാഞ്ചേരി സ്വദേശിയായ യുവവ്യാപാരിയും അറസ്റ്റിൽ. മലഞ്ചരക്ക് വ്യാപാരി കപ്പലണ്ടിമുക്ക് താഴകത്ത് വീട്ടിൽ സഫീറിനെയാണ് (35) റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
യുവതിയുമായുള്ള ബന്ധം പൊലീസ് വിശദമായി അന്വേഷിക്കുന്നു. മയക്ക്മരുന്ന് വാങ്ങുന്നതിനായി സഫീർ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നെങ്കിലും സർമീൻ അക്തർ ആലുവയിൽ ഇറങ്ങി. എറണാകുളത്ത് ഇറങ്ങാനുള്ള തീരുമാനം യാത്രയ്ക്കിടെയാണ് യുവതി മാറ്റിയത്. ഡൽഹിയിൽനിന്ന് മയക്കുമരുന്ന് നൽകിയയാളുടെ നിർദ്ദേശപ്രകാരമാണ് യുവതി ആലുവയിൽ ഇറങ്ങിയതെന്നാണ് സൂചന. സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് സൂചന.
* യുവതിയെ കസ്റ്റഡിയിൽ വാങ്ങും
സർമീൻ അക്തറിനെ (26) വിശദമായി ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചൊവ്വാഴ്ച പൊലീസ് പിടിയിലായ യുവതി ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കുംവരെ ചോദ്യങ്ങളോട് ശരിയായി പ്രതികരിച്ചിട്ടില്ല. ആധാർകാർഡിൽ ബംഗളൂരു വിലാസമാണെങ്കിലും യുവതി ഹിന്ദിയിലാണ് സംസാരിക്കുന്നത്. പിടിയിലായ യുവതി അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.