കോതമംഗലം: കള്ളാട് സാറാമ്മ ഏല്യാസ് വധക്കേസ് മുപ്പതംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. സാറാമ്മ ഏല്യാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ സ്വീകരിച്ച അന്വേഷണ നടപടികൾ അറിയിക്കണമെന്നും നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ കോതമംഗലം പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് മുപ്പതംഗ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.