 
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് പത്താം വാർഡിൽ പറയകാട് ചേപ്പുള്ളിൽ ഹരിയുടെ വീട് കനത്ത മഴയിൽ തകർന്നു വീണു. ഇന്നലെ രാവിലെ ആറിനാണ് സംഭവം. അമ്പത് വർഷത്തോളം പഴക്കമുള്ള വീടാണിത്. പ്രളയത്തിൽ വീടിന് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഹരിയും ഭാര്യ മിനിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേൽക്കൂര ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന ഹരിക്ക് പുതിയ കിടപ്പാടം ഒരുക്കാൻ മറ്റ് മാർഗങ്ങളില്ല. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.