nagarasabha-paravur-
പറവൂർ നഗരത്തിലോ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ നഗരസഭയിൽ പ്രദർശിപ്പിച്ചപ്പോൾ

പറവൂർ: പറവൂർ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി, പെരുവാരത്തെ കെ.എൽ 42 കിച്ചൻ, കെ.എം.കെ കവലയിലെ നഹാത്ത് ബേക്സ് റസ്‌റ്റൊറന്റ് എന്നിവിടങ്ങളിൽ നിന്ന് പഴയ ചിക്കൻ, റൈസ്, ബീഫ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പള്ളിത്താഴത്തെ നാടൻ ഫുഡ് എന്ന ഹോട്ടൽ വൃത്തിഹീനമായി അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും ചേന്ദമംഗലം കവലയിലെ പുട്ടുകട മലിനജലം ഓടയിലേക്ക് തള്ളുന്നതായും നിരോധിത പ്ലാസ്‌റ്റിക് ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. അഞ്ച് ഹോട്ടലുകൾക്കായി നഗരസഭ 1,25,000 രൂപ പിഴയിട്ടു. പിടിച്ചെടുത്തവ നഗരസഭ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടിയ പഴകിയ ഭക്ഷണം തിരിച്ചുനൽകിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി.വി. ജിജുവിനെ സസ്പെൻഡ് ചെയ്തു.

-----------------------------------------------------------

പഴകിയ ഭക്ഷണം നൽകുക, വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുക, മലിനജലം പൊതുയിടങ്ങളിലേക്ക് ഒഴുക്കുക എന്നിവക്കെതിരെ ശക്തമായി നടപടികൾ ഉണ്ടാകും. വരും ദിവസങ്ങളിൽ റെയ്ഡ് കൂടുതൽ കാര്യക്ഷമാക്കും.

ബീനാ ശശീധരൻ

ചെയർപേഴ്സൺ

പറവൂർ നഗരസഭ