അങ്കമാലി: അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഡിസ്റ്റ്) ഇന്ന് തൊഴിൽമേള സംഘടിപ്പിക്കും. കേരള നോളജ് ഇക്കോണമി മിഷനും ഒസാക്ക എഡ്യൂകെയറുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ഇരുന്നൂറിലധികം തസ്തികളിലേയ്ക്ക് ആയിരത്തോളം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നതെന്ന് ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ മംഗലത്ത് അറിയിച്ചു. ഡിസ്റ്റ് കാമ്പസിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് മേള. എഴുപത്തിയഞ്ചോളം പ്രമുഖ കമ്പനികൾ തൊഴിൽമേളയിൽ പങ്കാളികളാകും. കോളേജ് വെബ്സൈറ്റിൽ കയറി ക്യു.ആർ. കോഡ് ഉപയോഗിച്ച് സൗജന്യമായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. മേളയിൽ പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റും ബയോഡാറ്റയും തിരിച്ചറിയൽ രേഖയും കൈവശം കരുതണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. അസിസ്റ്റന്റ് ജില്ലാ കളക്ടർ അഞ്ജിത് സിംഗ് മുഖ്യാതിഥിയാകും.