മൂവാറ്റുപുഴ: വായനാദിനത്തിൽ മുളവൂർ എം.എസ്.എം സ്കൂൾ വിദ്യാർത്ഥികൾ വിജ്ഞാനപോഷിണി ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കർ സന്ദർശിച്ച വിജ്ഞാന പോഷിണി ഗ്രന്ഥശാലയെക്കുറിച്ച് പഠിക്കുന്നതിനും പുസ്തകങ്ങൾ പരിചയപ്പെടുന്നതിനുമാണ് വിദ്യാർത്ഥികൾ എത്തിയത്. ലൈബ്രറി ഹാളിൽ നടന്ന വായനാദിനാചരണം വാർഡ് മെമ്പർ ഇ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ. വിജയൻ അദ്ധ്യക്ഷനായി.
ഒരു വർഷം നീണ്ടുനിൽക്കുന്ന വായന പരിപാടിയുടെ ഭാഗമായി പായിപ്ര സർക്കാർ യു.പി സ്കൂളിൽ പുസ്തക സഞ്ചി പദ്ധതി, ക്ലാസ് റൂം ലൈബ്രറി, പുസ്തകാസ്വാദന സദസ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് നിർവഹിച്ചു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. ബി.പി.സി ആനി ജോർജ് വായന ദിന സന്ദേശം നൽകി. ഹോം ലൈബ്രറി പദ്ധതി, മികച്ച വായനക്കാരനെ കണ്ടെത്തൽ, എഴുത്തുപെട്ടി, അറിവരങ്ങ് തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾക്കും വായന ദിനത്തിൽ തുടക്കമായി.
ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ വായനാ പക്ഷാചരണം ആരംഭിച്ചു. പ്രശസ്ത കവയിത്രി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ പോസ്റ്റർ നിർമ്മാണം, പത്രവായനാ മത്സരം തുടങ്ങിയവ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കും.