tlc-mvpa
വാഴപ്പിള്ളി വി.ആർ.എ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി പുതിയഅംഗങ്ങളായി ചേർന്നവരുടെ അംഗത്വ ഫോറം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിലെ ഗ്രന്ഥശാലകളിൽ വായന പക്ഷാചരണത്തിന് തുടക്കമായി. പി.എൻ. പണിക്കരുടെ ചരമ ദിനമായ ബുധനാഴ്ച ആരംഭിച്ച വായനപക്ഷാചരണപരിപാടി പ്രഥമ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് സമാപിക്കും. വായനദിനാരംഭ ദിവസം ഉദ്ഘാടനം ചെയ്യുന്ന വീട്ടക വായനസദസ് രക്തസാക്ഷി ദിനമായ ജനുവരി 30ന് സമാപിക്കും. മൂവാറ്റുപുഴ താലൂക്കിലെ 74 ഗ്രന്ഥശാലകളിലും വീട്ടകവായന സദസിനും തുടക്കമായി. മാനാറി ഭാവന ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ വീട്ടക വായന സദസ് നാല് സെന്റ് നഗറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹൻ അദ്ധ്യക്ഷനായി. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ നടന്ന വീട്ടക വായന സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു.

തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ വിദ്യാഭ്യാസ രംഗത്തെ മഹാരഥന്മാരുടെ ചരമ ദിനങ്ങളിലും ജന്മദിനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കും. വിവിധ വിഭാഗക്കാർക്കായി വായനമത്സരങ്ങളും കുറിപ്പെഴുത്ത് മത്സരങ്ങളും പുസ്തക പ്രദർശങ്ങളും നടത്തും.