
ആലുവ: ക്യാൻവാസിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പകർത്തി ആലുവ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിൻ ആകർഷകമായി. നീളമുള്ള ക്യാൻവാസിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ചിത്രങ്ങളും സന്ദേശങ്ങളും രചിച്ചു. ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ മെഴുകുതിരി പ്രഭയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 'വേണ്ട ലഹരി' എന്ന മുദ്രാവാക്യം ചൊല്ലി വിദ്യാർത്ഥികൾ ക്യാൻവാസിൽ കൈയ്യൊപ്പ് പതിപ്പിച്ചു. ലഹരിവിരുദ്ധ പാർലമെന്റ് സിവിൽ എക്സൈസ് ഓഫീസർ സലാഹുദീൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കുമാരി സുജ, ഹെഡ്മിസ്‌ട്രസ് എം.പി. നടാഷ എന്നിവർ സംസാരിച്ചു.