ആലുവ: തമിഴ്‌നാട് സ്വദേശിയെ കൂലിപണിക്കെന്ന പേരിൽ വിളിച്ചുകൊണ്ടുപോയി കാൽ ലക്ഷം രൂപയുടെ മൊബൈൽ ഫോൺ കവർന്നു. കല്ലകുറിച്ചി മുരുക്കുംപടി സ്വദേശി പാണ്ഡ്യ(29) ന്റെ മൊബൈൽ ഫോണാണ് നഷ്ടമായത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെ തോട്ടക്കാട്ടുകര കവലയിൽ ജോലി തേടി നിന്ന പാണ്ഡ്യനെ മലയാളിയായ യുവാവ് ജോലിയുണ്ടെന്ന് പറഞ്ഞ് ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നും സ്‌കൂട്ടറിൽ പുളിഞ്ചുവട് ഭാഗത്തെത്തിച്ചു. ഒരു ഭൂമി കാണിച്ചിട്ട് ഗേറ്റ് തുറക്കാൻ പറഞ്ഞ് ഒരു താക്കോലും നൽകി. ഇതിനിടയിൽ സ്ഥല ഉടമയെ വിളിക്കട്ടെയെന്ന് പറഞ്ഞ് പാണ്ഡ്യന്റെ മൊബൈൽ ഫോൺ വാങ്ങി മുങ്ങുകയായിരുന്നു. പാണ്ഡ്യൻ ആലുവ പൊലീസിൽ പരാതി നൽകി.
അടുത്തിടെ ജോലി തേടി ആലുവയിലെത്തിയ പാണ്ഡ്യന് കഴിഞ്ഞ ദിവസം വാങ്ങിയ ഫോണാണ് നഷ്ടമായത്. ഞായറാഴ്ച രാവിലെ തട്ടിപ്പുകാരൻ തോട്ടക്കാട്ടുകരയിലെത്തി പാണ്ഡ്യനെ പരിചയപ്പെട്ടിരുന്നു. പൊലീസ് സമീപത്തെ കടകളിലെ സി.സി ടി.വി ദൃശ്യം ശേഖരിച്ചിട്ടുണ്ട്.