p

കൊച്ചി: നീറ്റ് യു.ജി പരീക്ഷാക്രമക്കേടിനു പിന്നാലെ ചോദ്യച്ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കുക കൂടി ചെയ്തതോടെ, രാജ്യത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ നടത്തിപ്പു സ്ഥാപനമായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) സംശയമുനയിൽ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പിലുള്ള വിശ്വാസ്യതയും തകരുകയാണ്.

എൻജിനിയറിംഗ്, മെഡിസിൻ, മാനേജ്മെന്റ്, ഫാ‌ർമസി തുടങ്ങിയ പ്രധാന കോഴ്സുകളിലേക്കും കേന്ദ്ര സർവകലാശാലകളിലെക്കുള്ള പ്രവേശനവും എൻ.ടി.എ നടത്തുന്ന വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ഏകദേശം 65 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എൻ.ടി.എ നടത്തിയ വിവിധ പ്രവേശന പരീക്ഷകളെഴുതിയത്.സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) നടത്തിയിരുന്ന നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ തുടങ്ങിയ പരീക്ഷകൾ 2019 മുതലാണ് എൻ.ടി.എ ഏറ്റെടുത്തത്. അന്നൊന്നും നേരിടാത്ത പ്രതിസന്ധിയാണ് പരീക്ഷാ നടത്തിപ്പിനു മാത്രമായി 2017-ൽ രൂപീകരിച്ച ഏജൻസി ഇപ്പോൾ നേരിടുന്നത്.

ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തെ ഇല്ലാതാക്കുന്നതാണ് എൻ.ടി.എയുടെയും കേന്ദ്ര സർക്കാരിന്റെയും നടപടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വ്യാപക പ്രതിഷേധം തുടങ്ങിയതോടെ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തു.

എൻ.ടി.എ നടത്തുന്ന പ്രധാന പ്രവേശന പരീക്ഷകൾ

(ബ്രാക്കറ്റിൽ 2024-ൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം)

.............................................

* കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് എക്സാം -CUET (1,34,7000)

* ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ- മെയിൻസ് -JEE Mains (1,41,5000)

* നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- യുജി -NEET UG (2,30,0000)

* യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ നെറ്റ്- ‌UGC Net (1,12,1000)

* കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് -CMAT (76,745)

* ഗ്രാജ്വേറ്റ് ഫാർമസി അഡ്മിഷൻ ടെസ്റ്റ് -GPAT (65,000)

* ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാം (8862)

* ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് -ICAR (1,22,993)

* സായ്-സെപ് സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ

* ആനുവൽ റിഫ്രഷർ പ്രോഗ്രാം ഇൻ ടീച്ചിംഗ് (ARPIT)

* ഇഗ്നോ എം.ബി.എ/ബി.എഡ്

ആരോപണങ്ങൾ

□യു.ജി.സി നെറ്റ്:- ചോദ്യപേപ്പർ ചോർച്ച.

□നീറ്റ് യുജി:- മുൻ വർഷങ്ങളിൽ ഒന്നോ രണ്ടോ പേരുടെ സ്ഥാനത്ത് ഇത്തവണ 67 പേർക്ക് മുഴുവൻ മാർക്ക്.

□ഹരിയാനയിൽ ഒരേ സെന്ററിൽ പരീക്ഷയെഴുതിയ ആറു പേർക്ക് □മുഴുവൻ മാർക്ക്.

□ മാനദണ്ഡങ്ങൾ പാലിക്കാതെ കുറച്ചുപേർക്കു മാത്രം ഗ്രേസ് മാർക്ക് നൽകൽ.

□ചോദ്യ പേപ്പർ ചോർച്ച.

□എൻ.സി.ഇ.ടി (നാലു വർഷ ബി.എഡ് പ്രോഗ്രാം എൻട്രൻസ്):- രജിസ്റ്റർ ചെയ്ത 29,000 പേരിൽ ബഹുഭൂരിപക്ഷത്തിനും സാങ്കേതിക കാരണങ്ങളാൽ പരീക്ഷ പൂർത്തീകരിക്കാനായില്ല. തുടർന്ന് എൻ.ടി.എ പരീക്ഷ റദ്ദാക്കി.