
കേരളത്തിലെ ഏറ്റവും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ അനധികൃത നഗരവൽക്കരണത്തേക്കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നൽകിയത്. കൊച്ചിയിലടക്കം കുടിവെള്ളത്തിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മൂന്നാറിനെ ഈ ഗതിയിലാക്കരുതെന്നാണ് ഡിവിഷൻ ബെഞ്ച് സൂചിപ്പിച്ചത്. ഇടുക്കി ഹൈറേഞ്ച് മേഖലയിലെ ഭൂമി കൈയേറ്റങ്ങൾ സംബന്ധിച്ച ഒരു കൂട്ടം ഹർജികളിൽ തുടർച്ചയായി വാദം കേട്ടു വരികയാണ് ഹൈക്കോടതി. വ്യാജപട്ടയങ്ങൾ, അനധികൃത നിർമ്മാണങ്ങൾ, കോഴ ഇടപാടുകൾ, ഉന്നതരുടെ സ്വാധീനം തുടങ്ങിയവയാണ് ഇതിൽ നിന്നു വേർതിരിച്ചെടുക്കാവുന്ന പ്രശ്നങ്ങൾ. ഇവ ഓരോന്നിനും പരിഹാരം കാണാനുള്ള നിർദ്ദേശങ്ങളാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്.
ദൗത്യസംഘത്തിന്
തലവനുണ്ടാകണം
ഭൂപ്രശ്നം നിലനിൽക്കുന്ന മൂന്നാറിലേക്ക് എത്രയും വേഗം സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നാണ് ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം. ജില്ലാ കളക്ടർക്ക് സമാനമോ അതിലുമുയർന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ വേണം നിയമിക്കാനെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികൾ വീണ്ടും പരിഗണിക്കുന്ന ജൂൺ 25ന് സർക്കാർ ഇത് സംബന്ധിച്ച നിലപാടറിയിക്കണം. വ്യാജ രേഖയുണ്ടാക്കി വ്യാപകമായി ഭൂമി ഇടപാടുകൾ മൂന്നാറിൽ നടന്നിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഏതാണ്ട് 2000 കോടിയുടെ അനധികൃത ഭൂമി ഇടപ്പാടുകൾ ഇടുക്കി ഹൈറേഞ്ചിൽ നടന്നിട്ടുണ്ടെന്നാണ് കോടതിയുടെ നിഗമനം. കൈയേറ്റം ഒഴിപ്പിക്കൽ മാത്രമല്ല, അർഹരായവർക്ക് പട്ടയം നൽകുന്നതിലും സ്പെഷ്യൽ ഓഫീസറുടെ തീരുമാനമുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ റവന്യുവിന്റെയും പൊലീസിന്റെയും സഹായത്തോടെ വേണം. സർവേ സ്പെഷ്യൽ സംഘത്തേയും ഈ ഓഫീസർക്ക് കീഴിലാക്കണം. മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെ നശിപ്പിച്ചതിൽ ജനങ്ങൾക്കും പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നേരറിയാൻ സി.ബി.ഐ
ഇടുക്കിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച് രാജൻ മധേക്കർ ഐ.പി.എസ് 2004ൽ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ മുക്കിയിരിക്കുകയായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് റിപ്പോർട്ട് വീണ്ടും വെളിച്ചത്തു വന്നു. ഇതിൽ കുറ്റക്കാരായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്ന 19 ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത് സംബന്ധിച്ചും ജൂൺ 25ന് സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ രേഖകളിടക്കം കൃത്രിമം നടത്തിയിട്ടുണ്ട്. വ്യാജ പട്ടയങ്ങളിൽ സർക്കാറിന്റെ സീൽ പതിച്ചു നൽകിയത് റവന്യു ഉദ്യോഗസ്ഥരാണ്. ഇവർക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. അതിനാൽ, മൂന്നാറിൽ നേരത്തെ പട്ടയം നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
വമ്പന്മാർ മറവിൽ
മൂന്നാറിൽ ഭൂമി കൈയേറ്റം തുടരുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനം തന്നെയാണെന്ന് കോടതി പരാമർശിച്ചിരുന്നു. ഏതെങ്കിലും പളനിച്ചാമിയുടേയോ മുത്തുവേലിന്റെയോ പേരിലായിരിക്കും പട്ടയം തരപ്പെടുത്തുന്നത്. അന്വേഷിച്ചു ചെല്ലുമ്പോൾ അങ്ങനെയൊരാളുണ്ടാകില്ല. ഒരു നില നിർമ്മാണത്തിന് നൽകിയ അനുമതിയുടെ മറവിൽ എട്ടു നില കെട്ടിടം മൂന്നാർ പഞ്ചായത്തിൽ നിർമ്മിക്കുന്നതായും കോടതിക്ക് പരാതി ലഭിച്ചു. പഞ്ചായത്ത് സെക്രട്ടറി അന്വേഷണം നടത്തി കോടതിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കോടതി ഉത്തരവ് നിലനിൽക്കെ ഡെപ്യൂട്ടി കളക്ടർ കെട്ടിട നിർമ്മാണത്തിന് എൻ.ഒ.സി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ അടുത്തയാഴ്ച ഹാജരാക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ചില ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ വിവരവും കോടതി രേഖപ്പെടുത്തി. ദേവികുളം മുൻ അഡി. തഹസിൽദാർ എ.ഐ. രവീന്ദ്രൻ ഒരു കാലത്ത് 543 വ്യാജ പട്ടയങ്ങളാണ് നൽകിയത്. വിവാദത്ത തുടർന്ന് പട്ടയങ്ങൾ സർക്കാർ റദ്ദാക്കിയെങ്കിലും രവീന്ദ്രനെതിരേ ഒരു വിജിലൻസ് കേസ് മാത്രമാണ് ഉണ്ടായിരുന്നത്. അനധികൃത ഭൂമി ഇടപാട് സംബന്ധിച്ച ഏതാനും കേസുകളിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. സി.ബി.ഐയെ വിളിക്കേണ്ടി വരുമെന്നറിയിച്ചതോടെ സർക്കാരിന് ശുഷ്കാന്തിയായി.
പ്രത്യേക അന്വേഷണ സംഘം
മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയിൽ വ്യാജ പട്ടയം അനുവദിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു. പൊലീസിന്റെ സംഘത്തിനൊപ്പം സത്യസന്ധനായ റവന്യു ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തണമെന്ന് തുടർന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരിക്കുകയാണ്. നിലവിൽ തീർപ്പാക്കിയ കേസുകളിലും തുടരന്വേഷണം വേണം. അന്വേഷണ സംഘത്തിൽ ആരൊക്കെയെന്ന കാര്യം അടുത്ത തവണ വിഷയം പരിഗണിക്കുമ്പോൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. പ്രത്യേക സംഘം രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. മൂന്നാറിൽ മാത്രമല്ല വാഗമണിലും കൈയേറ്റം നടന്നിട്ടുള്ളതായി കോടതി പറഞ്ഞു. കൈയേറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയയുണ്ടെന്നും വിലയിരുത്തി. മൂന്നാറിൽ മുമ്പും കൈയേറ്റമൊഴിപ്പിക്കൽ ഓപ്പറേഷനുകൾ നടന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അയച്ച ദൗത്യസംഘമാണ് ഇതിൽ പ്രഗത്ഭം. ഇവർ മുഖം നോക്കാതെ തന്നെ കൈയേറ്റങ്ങൾ പൊളിച്ചടുക്കി. എന്നാൽ പാർട്ടി ഓഫീസുകളെ തൊട്ടുകളിച്ചപ്പോൾ വിധം മാറി. ദൗത്യം നിറുത്തിവയ്ക്കേണ്ടി വന്നു. ചില നടപടികൾ നിയമപരമല്ലാത്തതിനാൽ കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായി. സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ പിന്നീടു നടന്ന കൈയേറ്റമൊഴിപ്പിക്കലും പാതിവഴിയിൽ നിലച്ചു. മൂന്നാറിലടക്കം ഭൂമി കൈയേറ്റങ്ങൾ നിർലോഭം തുടർന്നു. എന്നാൽ ഇക്കുറി ഹൈക്കോടതി മേൽനോട്ടത്തിലാകും ദൗത്യം. റവന്യൂ, ക്രിമിനൽ നടപടികൾ ഒരേ സമയം മുന്നോട്ടു പോകണമെന്നാണ് നിർദ്ദേശം. അതിനാൽ മാഫിയകളിൽ നിന്ന് മൂന്നാർ മോചിതയാകുമെന്ന് പ്രതീക്ഷിക്കാം.