
കൊച്ചി: കാക്കനാട്ടെ ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലെ വയറിളക്ക രോഗബാധയിൽ പരിശോധനകൾ തുടരവേ കുടിവെള്ളത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം കലർന്നെന്ന സൂചന. പരിശോധനകൾ അന്തിമ ഘട്ടത്തിലാണെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു. ചില ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഭൂഗർഭ കുടിവെള്ള ടാങ്കിൽ നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നിഗമനം.
ഓവർഹെഡ് ടാങ്കുളുടെ മൂടി തുറക്കാൻ പോലുമാകുന്നില്ലെന്നും ഏറെനാളായി അവ വൃത്തിയാക്കിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫലം ലഭിച്ചാലോ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. രോഗബാധയുടെ പ്രാരംഭ ഘട്ടത്തിൽ ഫ്‌ളാറ്റ് അസോസിയേഷൻ സ്വകാര്യമായി നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ കോളീഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
അതിനിടെ, വിവിധ വിഭാഗങ്ങളുടെ പരിശോധനയോട് ഫ്ലാറ്റ് നിവാസികളുടെ നിസഹകരണം ആരോഗ്യ വകുപ്പിന് തലവേദനയാകുന്നുണ്ട്. ആശാവർക്കർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും 15 ഫ്ളാറ്റുകളിലുമെത്തിയാണ് പരിശോധന. എന്നാൽ പലരും വിവരങ്ങൾ നൽകുന്നില്ല.
ദിനംപ്രതി പരിശോധന, ദിവസേന റിപ്പോർട്ട്
ആരോഗ്യ വകുപ്പിനു പുറമേ വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, നഗരസഭാ ആരോഗ്യ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ 40ലേറെ ജീവനക്കാരാണ് 17 മുതൽ ദിവസവും പരിശോധനകൾ നടത്തുന്നത്. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്. ഡി.എം.ഒ ദിവസവും റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് നൽകുന്നുണ്ട്. വെള്ളത്തിന്റെ പരിശോധനാ ഫലം ഇന്നലെയുമെത്തിയില്ല.
പുറത്തറിഞ്ഞത് ലിഫ്റ്റിലൂടെ...!
ഗുരുതര വയറിളക്ക രോഗബാധയുടെ വിവരങ്ങൾ പുറത്ത് വന്നത് ലിഫ്റ്റിൽ ഒരുമിച്ച് കയറിയ കുടുംബങ്ങളിലൂടെയാണ്. പരസ്പരം പറയാതെയാണ് പലരും പരിശോധനകൾക്കു പോയിരുന്നത്. ലിഫ്റ്റിൽ ഒരു കുട്ടി അവശയായി ഛർദ്ദിച്ചപ്പോഴാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
ആരോഗ്യ വകുപ്പ് കണ്ടെത്തൽ
ഫ്ളാറ്റിലെ ഓവർഹെഡ് ടാങ്കുകൾ, കുഴൽക്കിണർ, ഡൊമസ്റ്റിക്ക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറി വെള്ളം എന്നിവയിലെ 46 സാമ്പിളുകളിൽ 19 ഫലം വന്നു. പലതിലും കോളീഫോം ബാക്ടീരിയ.
വിവിധ വകുപ്പുകൾ പ്രകാരം ഫ്ളാറ്റ് അസോസിയേഷന് മെഡിക്കൽ ഓഫീസറുടെ നോട്ടീസ്.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ശുദ്ധജലം ലഭ്യമാക്കും.
രോഗലക്ഷണങ്ങൾ ഔദ്യോഗിക സ്ഥിരീകരണം - 492 പേർക്ക്
ജനറൽ ആശുപത്രിയും സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ