കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ റോയൽ ക്ളബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർക്ക് സമ്മാനിച്ചു. അദ്ദേഹത്തിനൊപ്പം പുരസ്‌കാര ജേതാക്കളായ ഫോർട്ട്‌കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജെസ്സി ജേക്കബ്, വടക്കാഞ്ചേരി റോട്ടറി ക്ളബ് ട്രഷറർ കരുണാകരൻ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു. തൃപ്പൂണിത്തുറ ഹോട്ടൽ പാലസിൽ നടന്ന ചടങ്ങിൽ റോട്ടറി 3201 ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, അസിസ്റ്റന്റ് ഗവർണർ റോഷ്ന ഫിറോസ്, ജി.ജി.ആർ വിനോദ് മേനോൻ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.

മാദ്ധ്യമ പ്രവർത്തന വഴികളിൽ ചെയ്ത ജനോപകാരപ്രദമായ വാർത്തകൾക്കുള്ള അംഗീകാരം ഏറെ അഭിമാനം നൽകുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ പ്രഭു വാര്യർ പറഞ്ഞു.

റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷനായി. റോട്ടറിയിലെപ്രമുഖ വ്യക്തികളെയും 10, 12 ക്ലാസുകളിലെ ഉന്നത വിജയികളെയും കലാ, കായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ച ക്ലബ്ബ് അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. റൊട്ടേറിയൻ കെ. സന്തോഷ്, മുതിർന്ന അഭിഭാഷകൻ ശ്രീകുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് സലീം എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു.