കോതമംഗലം: അഞ്ച് ദിവസത്തിനിടയിൽ പിതാവിനെയും മാതാവിനെയും നഷ്ടമായി പൂർണ അനാഥനായ ഭിന്നശേഷിക്കാരൻ
പാലക്കാട് മങ്കര സ്വദേശി ഗോകുൽ പ്രസാദിന് തുണയായി കോതമംഗലത്തെ പീസ് വാലി. ഗുരുവായൂരപ്പൻ - പുഷ്പ ദമ്പതികളുടെ ഏകമകനാണ് ഗോകുൽ പ്രസാദ്. മെയ് 22നാണ് ഓട്ടോ ഡ്രൈവറായ ഗുരുവായൂരപ്പൻ വാഹനാപകടത്തിൽ മരണപ്പെടുന്നത്. അഞ്ചാം നാൾ അമ്മ പുഷ്പയും മരണമടഞ്ഞതോടെ എൺപത് ശതമാനം ഭിന്നശേഷിയുള്ള 31കാരനായ ഗോകുൽ അനാഥനായി. ഇതോടെ സംസാരശേഷിയും ചലന ശേഷിയും ഇല്ലാത്ത ഗോകുലിന് കൃത്യമായ പരിചരണവും ഭക്ഷണവും ലഭിച്ചിരുന്നില്ല. ഗോകുലിന്റെ സംരക്ഷണം സർക്കാർ എറ്റെടുക്കണമെന്ന് ബന്ധുക്കൾ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും വിഷയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ തുടർനടപടികൾ കൈക്കൊള്ളാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെട്ടതോടെയാണ് ഗോകുലിന് പുതുജീവിതത്തിലേക്ക് വഴി തുറന്നത്. പീസ് വാലി അധികൃതർ പാലക്കാടെത്തി ഗോകുലിനെ ഏറ്റെടുക്കുകയായിരുന്നു. പീസ് വാലിക്ക് കീഴിലുള്ള സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഗോകുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാരവാഹികളായ ഫറൂഖ് കരുമക്കാട്ട്, പി.എം. അഷറഫ്, പഞ്ചായത്ത്-സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.