
ആലുവ: സംഗീതത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് നവാസ് കെ. മൊയ്തീൻ പാടുകയാണ്. ഈജിപ്ഷ്യൻ, ബംഗ്ലാ, ഗുജറാത്തി, ഉറുദു, പഞ്ചാബി, തെലുഗു, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പത്തു ഭാഷയിലെ ഗാനങ്ങൾ.
ആലുവ കോമ്പാറ സ്വദേശി നവാസ് ഭാഷകളുടെ എണ്ണം വർദ്ധിപ്പിച്ച് റെക്കാഡ് നേടാനുള്ള പ്രയത്‌നത്തിലാണ്.
ടൈൽസ് പണിക്കാരനായിരുന്ന നവാസിന് ഉമ്മ അസ്മയുടെയും ഭാര്യ ഫാത്തിമയുടെയും കട്ടപിന്തുണയുമുണ്ട്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സംഗീതത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നവാസ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നത് 32-ാമത്തെ വയസിലാണ്. സുശാന്ത് കെ. ഹേമസുന്ദറാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു. കർണാട്ടിക് സംഗീതം ഉദ്യോഗമണ്ഡലം വിജയകുമാറിൽ നിന്ന് സൂഫി സംഗീതം സിയാഉൽ ഹക്കിന്റെ ബാന്റിൽ നിന്നും സ്വയം സ്വായത്തമാക്കി. ടൈൽസ് പണി അവസാനിപ്പിച്ച് പൂർണമായി സംഗീതത്തിന്റെ വഴിയിലൂടെയാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം.
'സൂഫിയും ഗസലും ഹിറ്റ്
നയിക്കുന്ന 'സൂഫിയും ഗസലും' നിരവധി വേദികളിൽ ഇതിനകം അവതരിപ്പിച്ച് കഴിഞ്ഞു. മക്കളായ നൈഹ സെറിനും നൈല സെറിനും നവാസിനൊപ്പം വേദികളിലെത്തുന്നുണ്ട്. സംഗീതത്തോടുള്ള പ്രണയമാണ് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് വ്യത്യസ്തതകൾ നിറഞ്ഞ സംഗീതം പഠിക്കാൻ നവാസിനെ പ്രേരിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന നവാസ് ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ സംഗീതത്തിലൂടെ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ്.