
കോലഞ്ചേരി: മനുഷ്യ നിർമ്മിത മണ്ണുമലയായി മാറിയ കോട്ടമലയിലെ ഇടിഞ്ഞുവീണ് അപകടമുണ്ടാക്കിയ മതിൽ പത്ത് ദിവസത്തിനകം പൂർണമായും പൊളിച്ചുമാറ്റി അതീവ സുരക്ഷയിൽ പുനർനിർമ്മിക്കണമെന്ന കുന്നത്തുനാട് തഹസിൽദാർ ഉത്തരവിന് പുല്ലുവില. ഉത്തരവിറങ്ങി 14 ദിവസം പിന്നിടുമ്പോഴും മണ്ണ് ഇടിഞ്ഞു വീഴാറായ ഭാഗത്ത് നിന്ന്പൂർണ്ണമായും മാറ്റുന്നതിനോ അടച്ച പൊതുവഴി തുറന്നു നൽകുന്നതിനോ തീരുമാനമായിട്ടില്ല. മതിൽ നിർമ്മാണത്തിനിടെ മൂടിയ നാട്ടുതോട് സ്ഥല ഉടമയുടെ ചെലവിൽ പുനസ്ഥാപിക്കണമെന്ന ഉത്തരവും പാലിക്കപ്പെട്ടില്ല. മതിലിനോട് ചേർന്ന് നില്ക്കുന്ന മുഴുവൻ മണ്ണും സമാന്തരമായി കിടക്കുന്ന തെക്ക് ഭാഗത്തേയ്ക്ക് മാറ്റുന്ന ജോലിയും പൂർത്തിയായില്ല. ഉത്തരവ് പാലിക്കാതിരുന്നാൽ സ്ഥല ഉടമയ്‌ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ നാളിതുവരെ ഉത്തരവ് പാലിക്കാതെ സ്ഥലം ഉടമയുടെ നിസംഗതക്കെതിരെ മേഖലയിൽ ജനരോഷം ഉയരുകയാണ്.
മതിൽ നിർമ്മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാൻഡേർഡ് ഹൈറ്റ് നിയമപ്രകാരം 4.5 5 മീറ്റർ ബെയ്‌സ്‌മെന്റ് ഉണ്ടാക്കി 1.5 മീറ്റർ ഉയരത്തിൽ ഫെയ്‌സ് 0.5 1 മീറ്റർ നിർമ്മിച്ച് തട്ടുകളാക്കി
പഞ്ചായത്ത് റോഡിന്റെ വശത്ത് കാന നിർമ്മാണത്തിന് 90 സെ.മീ ഒഴിവാക്കിവേണം മതിൽ നിർമ്മാണം
മതിൽ നിർമ്മാണത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനയും അനുമതി പത്രവും നിർബന്ധമാണെന്ന് തഹസിൽദാരുടെ ഉത്തരവ്
മതിലിടഞ്ഞത് കനത്ത മഴയിൽ
കഴിഞ്ഞ മാസം 29നുണ്ടായ കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി.പി. റോഡിൽ നിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേയ്ക്ക് പോകുന്ന പൊതു വഴിയുടെ ഭാഗത്തുള്ള മതിലും ഇടിഞ്ഞത്. ഇതോടെ 24 ദിവസമായി ഇതു വഴിയുള്ള യാത്ര പൂർണമായും തടഞ്ഞിരിക്കുകയാണ്. സമീപ വാസികളായ മുപ്പതിലധികം പേരാണ് വഴി തുറക്കാത്തതിനാൽ ബുദ്ധിമുട്ടുന്നത്. രണ്ട് കിലോമീറ്ററിലധികം ചുറ്റി വളഞ്ഞാണ് ഇവരുടെ സഞ്ചാരം.