 
ആലുവ: സ്കൂൾ അധികൃതരും പി.ടി.എയും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് അപകടാവസ്ഥയിലുള്ള അരണമരങ്ങളും തെങ്ങും വെട്ടാൻ വനം വകുപ്പ് അനുമതി നൽകിയിട്ടും പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ നിൽക്കുന്ന അര ഡസൻ അരണമരങ്ങളും രണ്ട് തെങ്ങുകളുമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്.
സ്കൂൾ കെട്ടിടത്തിനും മതിലിനും ഇടയിൽ ഇടുങ്ങിയ സ്ഥലത്താണ് അരണമരങ്ങളും തെങ്ങും നിൽക്കുന്നത്. മഴക്കാലത്ത് മരത്തിൽ നിന്ന് വെള്ളം തട്ടി ഭിത്തിയിലേക്ക് പതിക്കുന്നത് സ്കൂൾ കെട്ടിടം തകരാറിലാകുന്നതിനും ഇടയാക്കും. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ മരങ്ങളിൽ ഒന്ന് കാറ്റിൽ മറിഞ്ഞാൽ വലിയ ദുരന്തത്തിനും കാരണമായേക്കും. ഒരു വർഷം മുമ്പ് വനം വകുപ്പിനോട് അനുമതി ചോദിച്ച് അപേക്ഷ നൽകിയതാണ്. ഒരു മാസം മുമ്പാണ് മരം മുറിക്കാൻ അനുമതി ലഭിച്ചത്. പക്ഷെ മരം മുറിക്കാനുള്ള തുക ഇല്ലാതെ സ്‌കൂൾ അധികൃതർ വിഷമിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലും മരം മുറിക്കാനുള്ള തുകയില്ല.
വിജയം മികച്ചത്,
പരിമിതികൾ ഏറെ
മാസങ്ങളായി സ്കൂളിൽ പ്രധാനദ്ധ്യാപികയുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. അദ്ധ്യാപകർക്ക് താത്കാലിക ചുമതലയാണ് നൽകിയിരുന്നത്. ചൊവ്വാഴ്ചയാണ് പ്രധാനദ്ധ്യാപിക ചുമതലയേറ്റത്. പരിമിതികൾക്കിടയിലും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു. 11 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ളസും ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗവും മികച്ച വിജയം നേടിയിരുന്നു.
നടപടി ക്രമങ്ങളും തടസം
ടെൻഡർ നൽകി മരം മുറിക്കാനും നിരവധി നടപടിക്രമങ്ങൾ ഉണ്ട്. മരത്തടി ലേലം ചെയ്ത് വിറ്റാൽ കിട്ടാനിടയുള്ള തുക മുൻകൂർ അടച്ച ശേഷമേ മരം മുറിക്കാനാകൂ. വനം വകുപ്പ് എത്തി അളവും എടുക്കണം. പാഴ്‌മരങ്ങൾക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടാൻ കരാറുകാരും തയ്യാറാകുന്നില്ല. നിർദ്ധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ പി.ടി.എക്കും ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ കഴിയുന്നില്ല. വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്ന ആലുവ നഗരസഭയോ സുമനസുകളോ സാമ്പത്തിക ചെലവ് ഏറ്റെടുക്കാൻ തയ്യാറാകണമെന്നാണ് പി.ടി.എയുടെ അഭ്യർത്ഥന. എണ്ണായിരം രൂപയാണ് മരങ്ങൾ മുറിക്കുന്നതിന് ചെലവായി കരുതിയിരിക്കുന്നത്.