പറവൂർ: വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മാംസാഹാരം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്രു. ഞായറാഴ്ച വൈകിട്ട് കിഴക്കേപ്രത്തെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിൽ ബീഫ്, മട്ടൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചിറങ്ങിയവരിൽ ചിലർ കാറ്ററിംഗ് സ്ഥാപന ഉടമയോട് കറികൾക്ക് രുചി വ്യത്യാസവും മോശം മണവും ഉണ്ടെന്ന് പരാതി പറഞ്ഞിരുന്നു. തിങ്കളാഴ്ച ചിലർക്ക് വയറിളക്കവും തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. പ്രദേശത്തുള്ള കാറ്ററിംഗ് സ്ഥാപനമായതിനാൽ രേഖാമൂലം പരാതി നൽക്കാൻ ആരും തയ്യാറായിട്ടില്ല. സംഭവം പുറത്തറിഞ്ഞതോടെ പറവൂർ നഗരസഭ ആരോഗ്യ വകുപ്പ് കാറ്ററിംഗ് സ്ഥാപനത്തിൽ പരിശോധന നടത്തി. അടുക്കളയും പരിസരവും വൃത്തിഹീനവുമായി കാണപ്പെട്ടു. ഇതുബന്ധിച്ച് കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. 50,000 രൂപ പിഴ നൽകാനും കാറ്ററിംഗ് സ്ഥാപനവും പരിസരവും വൃത്തിയാക്കിയ ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.