കൊച്ചി: മതേതര മുഖംമൂടിയണിഞ്ഞ് ഇടത്, വലത് പാർട്ടികൾ നടത്തുന്ന അതിരുവിട്ട പ്രീണന രാഷ്ട്രീയം നാടിനാപത്താണെന്നും അതിന് അറുതി വരുത്തണമെന്നും എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ ആവശ്യപ്പെട്ടു. ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞതിന് എസ്.എൻ.ഡി.പി യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല.

ഭരണ, നിയമ നിർമ്മാണ മേഖലകളിൽ ദളിത്, പിന്നാക്ക വിഭാഗങ്ങളെ വെട്ടിയൊതുക്കാൻ കേരളത്തിലെ മുന്നണികൾ പരസ്പരം മത്സരിക്കുന്നത് അവർ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ മതേതരത്വം പറഞ്ഞു വായടപ്പിക്കാൻ ശ്രമിക്കുന്നത് പുത്തരിയല്ല. ശ്രീനാരായണഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിനും അതിന്റെ സാരഥി വെള്ളാപ്പള്ളി നടേശനും എതിരെയുള്ള ഏത് കടന്നുകയറ്റത്തിനും ശക്തമായ തിരിച്ചടി നൽകും.

ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ഡി. സുനിൽ കുമാർ, യൂണിയൻ സെക്രട്ടറി ഓമനക്കുട്ടൻ, യോഗം ഡയറക്ടർ ബോർഡ് മെംബർ എം.കെ. അനിൽ, കൗൺസിലർ കെ.പി. പ്രകാശൻ, സി.കെ. പ്രിൻസ്, എസ്. സതീശൻ, സുനിൽ, യെശോധരൻ എന്നിവർ സംസാരിച്ചു.