കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സിറോമലബാർ സഭയിൽ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് അഞ്ചു ബിഷപ്പുമാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്തുനൽകി. എഫ്രേം നരിക്കുളം (ചാന്ത രൂപത), ജോസ് ചിറ്റൂപ്പറമ്പിൽ (രാജ്കോട്ട്), കുര്യാക്കോസ് ഭരണികുളങ്ങര (ഫരീദാബാദ്), സെബാസ്റ്റ്യൻ എടയന്ത്രത്ത് (മാണ്ഡ്യ), സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ (ഫരീദാബാദ് ) എന്നിവരാണ് വിയോജിപ്പ് അറിയിച്ചത്.

വൈദികരെ 'മഹറോൻ ചൊല്ലുമെന്ന" തീരുമാനം സഭയിൽ കേട്ടുകേൾവിയില്ലാത്തതും വത്തിക്കാൻ രേഖകൾക്ക് വിരുദ്ധവുമാണ്. സഭയെ ദീർഘകാലത്തേക്ക് പ്രതിലോമകരമായി ബാധിക്കുന്ന സർക്കുലർ അംഗീകരിക്കാൻ കഴിയില്ല. സർക്കുലർ പുറപ്പെടുവിക്കാൻ വത്തിക്കാൻ അനുമതി നൽകിയോയെന്ന് വ്യക്തമാക്കണം. വൈദികരെയും സഭാംഗങ്ങളെയും വിശ്വാസത്തിലെടുത്തേ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കഴിയൂ.

ഏകീകൃത കുർബാന അർപ്പിക്കണമെന്ന തീരുമാനം നടപ്പാക്കാൻ തങ്ങൾ തയ്യാറാണ്. കുർബാനയുടെ പേരിലുള്ള പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ കഴിയാത്തത് ആശങ്കപ്പെടുത്തുന്നു. സിനഡിൽ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ, റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദ്ദേശിച്ചിരുന്നത്. സിനഡിന്റെ അഭിപ്രായം ചോദിക്കാതെ ഏകപക്ഷീയമായി സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു.

സിനഡിന് ശേഷം പുറത്തിറക്കാൻ തയ്യാറാക്കിയ സർക്കുലർ ചോർന്നതിലും ഏകപക്ഷീയമായി തീരുമാനമെടുത്തതിലും സൂത്രധാരൻ ആരെന്ന് വ്യക്തമാക്കണം. സിനഡ് അംഗങ്ങളായ തങ്ങൾക്ക് ഇനിയും നിശബ്ദമായിരിക്കാൻ കഴിയില്ല. വിയോജിപ്പുകൾ അവഗണിച്ചും സഭയുടെ ഐക്യം തകർത്തുമാകരുത് ഏകീകൃത കുർബാനയെന്നും ബിഷപ്പുമാർ കത്തിൽ പറയുന്നു.

പരിഹാരം നീളുന്നു, ചർച്ചകളും

ഏകീകൃത കുർബാനയിൽ അന്തിമതീരുമാനമെടുക്കാൻ ചേർന്ന സിനഡ് യോഗം ബുധനാഴ്ച സമാപിച്ചെങ്കിലും പ്രശ്‌നപരിഹാരം നീളുന്നു. ജനാഭിമുഖ കുർബാനരീതി തുടരാൻ അനുവദിക്കാമെന്ന നിലപാടിൽ സിനഡ് എത്തിയതായാണ് സൂചന. ഞായറാഴ്‌ചകളിൽ ഒരു ഏകീകൃത കുർബാന മുഴുവൻ ഇടവകപ്പള്ളികളിലും അർപ്പിക്കണമെന്ന വ്യവസ്ഥ സിനഡ് മുന്നോട്ടുവച്ചു. വൈദികർ ഇത് പൂർണമായി അംഗീകരിച്ചിട്ടില്ല. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ ചർച്ച തുടരുകയാണ്. സമവായത്തിൽ എത്താത്തതിനാൽ സിനഡ് അവസാനിച്ചിട്ടും തീരുമാനങ്ങൾ സർക്കുലറായി പുറത്തിറക്കിയിട്ടില്ല.