കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കാനുള്ള തീരുമാനത്തിൽ അഞ്ച് ബിഷപ്പുമാർ പ്രതിഷേധിച്ചതിന് പിന്നാലെ വൈദികരും സഭാ അനുകൂലികളും വാക്പോരുമായി രംഗത്തിറങ്ങി.

ബിഷപ്പുമാരുടെ വിയോജനക്കുറിപ്പ് മേജർ ആർച്ച് ബിഷപ്പും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയവും ഗൗരവമായെടുത്തില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വൈദികരുടെ സംഘടനയായ അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കാലം മുതൽ സിനഡിനെ 'കൽദായ" ലോബി ബിഷപ്പുമാർ റാഞ്ചിയിരിക്കുകയാണ്. സിനഡിൽ സത്യവും നീതിയും ധർമ്മവും പാലിക്കപ്പെടുന്നില്ല. രാഷ്ട്രീയത്തേക്കാൾ തരംതാണ നിലയിലാണ് ചില ബിഷപ്പുമാർ പ്രവർത്തിക്കുന്നത്. ചില ബിഷപ്പുമാർ അധികാര ദുർവിനിയോഗം നടത്തുകയാണ്. വിശ്വാസികളെ കേൾക്കാനോ താല്പര്യങ്ങൾ സംരക്ഷിക്കാനോ സഭയെ വളർത്താനോ സിനഡിന് കഴിയുന്നില്ല. മാർപ്പാപ്പ നേരിട്ട് സിനഡിനെ തിരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച ബിഷപ്പുമാരെ സഭയിൽനിന്ന് പുറത്താക്കണമെന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) അതിരൂപത ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു. അതിരൂപതയിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബിഷപ്പുമാരെ വിശ്വാസികൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30ന് എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.