കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലുണ്ടായ കുടിവെള്ളത്തിലെ മലിനീകരണ വിഷയത്തിൽ ഫ്ളാറ്റ് അസോസിയേഷനും താമസക്കാരും തമ്മിൽ തർക്കം. കുടിവെള്ളം നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയ അസോസിയേഷൻ അതേക്കുറിച്ച് താമസക്കാരെ അറിയിച്ചില്ലെന്നാണ് ആരോപണം.

പലർക്കും രോഗലക്ഷണങ്ങൾ കണ്ടതിനു ശേഷമാണ് പരിശോധന നടത്തിയതെന്നും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ഇടപെടലിനു ശേഷം താമസക്കാരെ കാര്യങ്ങൾ അറിയിക്കാമെന്നുമായിരുന്നു തീരുമാനമെന്നുമാണ് അസോസിയേഷൻ വിശദീകരണം. ഫ്ളാറ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് സെപ്തംബറിൽ നടക്കാനിരിക്കെ പ്രശ്നം ഗുരുതരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ വിഭാഗം നടപടികൾ കർശനമാക്കിയപ്പോഴും പരിശോധനകളെ തടസപ്പെടുത്താൻ ഒരുവിഭാഗം ശ്രമിച്ചെന്നും ആരോപണമുയർന്നു. 15 ടവറുകളിലായി 4095 പേർ താമസിക്കുന്ന ഇവിടെ പരിശോധനക്കെത്തിയ ഡി.എം.ഒയുടെ വാഹനം പോലും സുരക്ഷാ കാരണങ്ങൾ പറഞ്ഞ് തടഞ്ഞതും വിവാദമായി.

ആരോഗ്യവകുപ്പ് നടപടികൾ

ഫ്ളാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകൾ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തുന്നു

ഫ്ളാറ്റുകളിൽ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ

മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രത്യേക സർവേ

ചികിത്സയിലുള്ള രണ്ടു പേരിൽ നിന്ന് 2 സാമ്പിളുകൾ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേയ്ക്കു എൻ.ഐ.വി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചു.

പ്രധാന നിർദേശങ്ങൾ

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഫിൽറ്ററിൽ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിക്കണം.

സൂപ്പർ ക്ലോറിനേഷൻ നിർബന്ധം