മൂവാറ്റുപുഴ: ഹെപ്പറ്റൈറ്റിസ് ബി വ്യാപകമായി പടരുന്ന പായിപ്ര പഞ്ചായത്തിൽകളമശേരി മെഡിക്കൽകോളജിൽ നിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തും. അസുഖം വ്യാപകമായതിനെ തുടർന്ന് ജില്ലാമെഡിക്കൽ ഓഫിസർ റിപ്പോർട്ട് തേടി. വ്യാഴാഴ്ചയാണ് വിശദമായ റിപ്പോർട്ട് തേടിയത്. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും നിരവധിപ്പേർ ചികിത്സതേടുകയും ചെയ്ത സാഹചര്യത്തിലാണ് ഡി.എം. ഒ യുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം ബാധിച്ച് നിരവധി പേരാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ പത്തേളം പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസം കൂടുമ്പോൾ രണ്ട് മുതൽ അഞ്ചുപേർ വരെ ആശുപത്രികളിൽ ചികിത്സതേടുന്നുണ്ട് . മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് പായിപ്രയിൽ രോഗബാധ വർദ്ധിക്കാനുള്ള കാരണം അജ്ഞാതമാണ്. അഞ്ച് വർഷം മുമ്പ് സമാനമായ അവസ്ഥ ഉണ്ടായിരുന്നു.