തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സാമുവേൽ മാർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നാളെ രാവിലെ 8 മുതൽ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും. വിശുദ്ധ കുർബാന മദ്ധ്യേയാണ് ശുശ്രുഷകൾ. മുതിർന്ന എപ്പിസ്കോപ്പയും ഡൽഹി അതിഭദ്രാസന അധിപനുമായ ജോൺ മാർ ഐറേനിയസ് മുഖ്യകാർമ്മികനാകും. സഭയിലെ മറ്റ് എപ്പിസ്കോപ്പമാർ സഹകാർമ്മികരാകും.
മാർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ 11.30ന് നടക്കുന്ന അനുമോദന സമ്മേളനം മാർത്തോമാ സഭാദ്ധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല, മാത്യു ടി.തോമസ്, സഹോദര സഭകളിലെ മെത്രാപ്പൊലീത്തമാർ, രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത കാലംചെയ്തശേഷം കഴിഞ്ഞദിവസം ചേർന്ന സൂനഹദോസാണ് സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയെ തിരഞ്ഞെടുത്തത്.