
കാലടി: വൈകിട്ട് വീട്ടുമുറ്റത്തൊരു കാർ. അതിൽ നിറയെ പുസ്തകങ്ങൾ! കാഞ്ഞൂർ പുതിയേടം ശക്തൻ തമ്പുരാൻ യു.പി. സ്കൂളിലെ കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും വായനയോട് അടുപ്പിക്കാൻ വേറിട്ട് ആശയവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ധ്യാപകർ. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടമാകുന്ന പുസ്തകങ്ങളുമായി അവരുടെ വീട്ടുമുറ്റത്ത് ആഴ്ചയിൽ അഞ്ച് ദിവസം പുസ്തകവണ്ടി എത്തും. പുസ്തക വണ്ടിയുടെ യാത്ര ലൈബ്രറി കൗൺസിൽ ആലുവ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യു.പി സ്കൂളിൽ നടന്ന യോഗത്തിൽ ഗ്രാമീണ വായനശാല പ്രസിഡന്റ് സുരേഷ് കുമാർ ഹെഡ്മിസ്ട്രസ് ശ്രീജ വർമ, സുമ എന്നിവർ സംസാരിച്ചു.
വായിച്ചു വളരാൻ
75 കുട്ടികളാണ് സ്കൂളിലുള്ളത്. ഒരു ദിവസം ഒരു പ്രദേശം കണക്കാക്കി അദ്ധ്യാപികമാരായ സോണി ജോസ്, വിദ്യ വി. മേനോൻ എന്നിവരുടെ സ്വന്തം കാറിൽ മറ്റ് അദ്ധ്യാപകരും ചേർന്ന് പുസ്തകങ്ങളെത്തിക്കും. ഈ അദ്ധ്യയന വർഷം മുഴുവൻ പുസ്തകവണ്ടി പദ്ധതിയുമായി മുന്നോട്ടു പോകാനാണ് അദ്ധ്യാപകരുടെ തീരുമാനം. വൈകിട്ട് സ്കൂൾ പ്രവർത്തന സമയം കഴിഞ്ഞാവും പുസ്തക വണ്ടിയുമായി കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകരുടെ യാത്ര. ഒരു മാസം ഒരു പുസ്തകമെങ്കിലും കുട്ടികൾ വായിക്കുക, അതിലൂടെ വായനയോട് കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വീട്ടിലെ സാഹചര്യം കൊണ്ട് വായിക്കാൻ കഴിയാതെ പോകുന്ന, ലൈബ്രറിയിൽ നിന്നോ മറ്രോ പുസ്തകങ്ങൾ എടുക്കാൻ കഴിയാത്ത രക്ഷിതാക്കൾക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
വിദ്യ വി. മേനോൻ
അദ്ധ്യാപിക
മനസിന് സന്തോഷം നൽകുന്ന വേറിട്ട ഒരു അനുഭവമാകും കുട്ടികൾക്ക് പുസ്തക വണ്ടി
വി.കെ. ഷാജി
ലൈബ്രറി കൗൺസിൽ
ആലുവ താലൂക്ക് സെക്രട്ടറി