
മട്ടാഞ്ചേരി: മഴക്കാലമെത്തുമ്പോൾ മട്ടാഞ്ചേരിക്കാരുടെ പ്രധാനപേടികളിലൊന്ന് നിലം പൊത്തുന്ന പുരാതന കെട്ടിടങ്ങളാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ അൻപതോളം കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയിലും പരിസരത്തും ജീർണാവസ്ഥയിലായി നിലം പതിച്ചത്.
ഈ വർഷവും പതിവ് തെറ്റിയില്ല. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും ബസാർ റോഡിലെ പാണ്ടികശാല ഭാഗികമായി തകർന്നു വീണു. യൂണിയൻ ഓഫീസിന് സമീപമുള്ള ഗോഡൗൺ കെട്ടിടമാണ് തകർന്നത്. പാലാരിവട്ടം സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുൻവശത്തെ സൺഷെയ്ഡ്, അകത്തളം എന്നിവയാണ് തകർന്ന് വീണത്. കെട്ടിട വരാന്തയിൽ പാർക്ക് ചെയ്ത രണ്ട് ഇരു ചക്രവാഹനങ്ങളും തകർന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. രണ്ടാഴ്ച മുമ്പ് മട്ടാഞ്ചേരി കുരിയച്ചന്റെ പള്ളിക്കു സമീപത്തെ മറ്റൊരു പാണ്ടികശാലാ കെട്ടിടവും തകർന്നു വീണിരുന്നു. നൂറ് വർഷത്തോളം പഴക്കമുള്ള പാണ്ടികശാലയായിരുന്നു ഇത്. മട്ടാഞ്ചേരി ബസാറിൽ സ്ഥിതി ചെയ്യുന്ന പല പാണ്ടികശാലകളും ഭീതിയിലാണ്. ഇവിടെ തന്നെയുള്ള അസ്റാജ് ബിൽഡിംഗ് കഴിഞ്ഞ മഴയ്ക്ക് തകർന്നിരുന്നു. ഇതിനു പുറകിലായി നാല് കുടുംബങ്ങൾ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്.
പഴമ നിലനിറുത്താൻ ആവാതെ
പുരാതന കെട്ടിടങ്ങൾ പുതുക്കി പണിയാൻ അധികാരികൾ അനുമതി നിഷേധിക്കുന്നതാണ് കെട്ടിടങ്ങളുടെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് ഉടമസ്ഥർ പറയുന്നു. മിക്കവയും ചരിത്രസ്മാരകങ്ങളായതിനാൽ ആ തനിമ നിലനിറുത്തി പണിയണമെന്നാണ് കോർപ്പറേഷന്റെ നിർദ്ദേശം. എന്നാൽ, ഇത് സാധ്യമാകില്ലെന്ന് ഉടമസ്ഥർ. കെട്ടിടവും റോഡും തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്ന നിയമവും പുതുക്കി പണിയലിന് തടസമാണ്. ആ നിയമം പാലിച്ചില്ലെങ്കിൽ പുതുക്കിയ കെട്ടിടത്തിന് അനുമതി ലഭ്യമാകില്ല. പണം മുടക്കുന്നത് നഷ്ടമാകുമോ എന്ന് കരുതി പലരും കെട്ടിടം പുതുക്കാൻ തയ്യാറാകുന്നുമില്ല.
പല പുരാതന കെട്ടിടങ്ങളും പ്രവർത്തിക്കുന്നത് ഗോഡൗണുകളായി
അൻപതോളം പാണ്ടികശാലകളിൽ ബാക്കിയായത് ഇരുപതോളം മാത്രം
മുപ്പതിലേറെ പാണ്ടികശാലകൾ ഇക്കാലയളവിൽ നിലംപൊത്തി
കറുത്ത ജൂതൻമാരുടെ പള്ളി വർഷങ്ങൾക്ക് മുൻപ് നിലം പതിച്ചിരുന്നു. അധികാരികൾ ഇത് നവീകരിച്ച് ചരിത്രസ്മാരകമായി സൂക്ഷിക്കാൻ നടപടി സ്വീകരിക്കണം
എം.എം സലീം
എഴുത്തുകാരൻ
മട്ടാഞ്ചേരി ബസാറിൽ സ്ഥിതി ചെയ്യുന്ന പല പുരാതന കെട്ടിടങ്ങളും തകർച്ചയുടെ ഭീഷണിയിലാണ്. ചരിത്രനഗരിയിലെ പുരാതന കെട്ടിടങ്ങൾ നവീകരിച്ച് തനിമ നിലനിർത്തണം.
കെ.എ. മുജീബ് റഹ്മാൻ
സാമൂഹ്യ പ്രവർത്തകൻ.