
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. എറണാകുളം ജില്ലാതലത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം മുൻ ഇന്ത്യൻ വോളിബാൾ നായകൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ഹിൽപാലസ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഭരവിദ്യാർത്ഥിനികൾ യോഗനൃത്തശില്പം അവതരിപ്പിച്ചു.
തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ യോഗാദിന, സംഗീതദിന പരിപാടികൾ യോഗാചാര്യൻ സി.എസ്. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഒന്ന് മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ യോഗ അഭ്യസിച്ചു.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് ഓഫീസ്, ഐ.സി.ഡി.എസ് പ്രൊജക്ട്, കൊച്ചി അർബൻ (11), നാഷണൽ ആയുഷ് മിഷൻ, യോഗ വെൽനെസ് സെന്റർ എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ തേവരയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം കൊച്ചി കോർപറേഷൻ വികസനകാര്യ ചെയർമാൻ പി. ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു.
മാരിവില്ല് ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൽ അദ്ധ്യക്ഷനായി.
കയർ ബോർഡ് ആസ്ഥാനത്തും ബ്രാഞ്ച് ഓഫീസുകളിലും അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗാചാര്യൻ ഡോ. എ. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. സീനിയർ അക്കൗണ്ട് ഓഫീസർ പി.വി. തങ്കച്ചൻ സംസാരിച്ചു.
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ എറണാകുളം വാരിയം റോഡിലെ പ്രഞ്ജാപ്രതിഷ്ഠാനത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണത്തിൽ റജിസ്ട്രാർ പ്രൊഫ. അശോകൻ, ക്യാമ്പസ് ഡയറക്ടർ വി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സ്പൈസസ് ബോർഡിന്റെ കൊച്ചി ആസ്ഥാന മന്ദിരത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. ഋതംബര യോഗ ഇന്റർനാഷണലിന്റെ സഹ സ്ഥാപകനും യോഗ പരിശീലകനുമായ വിനീഷ് കമ്മത്ത് ക്ലാസിന് നേതൃത്വം നൽകി.
കൊച്ചിൻ പോർട്ട് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ എം.വി കോറൽ കപ്പലിൽ സംഘടിപ്പിച്ച യോഗാദിനാചരണത്തിൽ പോർട്ട് അതോറിട്ടി ചെയർമാൻ ബി. കാശിവിശ്വനാഥൻ, ഡെപ്യൂട്ടി ചെയർമാൻ വികാസ് നർവാൽ തുടങ്ങിയവർ ഭാഗമായി.