പള്ളുരുത്തി: പെരുമ്പടപ്പ് അന്തിമാർക്കറ്റിൽ മീനും പച്ചക്കറികളും വാങ്ങാൻ വരുന്നവർക്ക് മൂക്ക് പൊത്താതെ നിവൃത്തിയില്ല. മാർക്കറ്റിനു മുന്നിലെ കായലിനോട് ചേർന്നുള്ള ഭാഗത്ത് നിക്ഷേപിക്കുന്ന മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ മാലിന്യം കായലിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്. മാർക്കറ്റിന് സമീപം അങ്കണവാടി കെട്ടിടവും ആരാധനാലയവും കുട്ടികളുടെ പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്. നാടെങ്ങും പനി പടരുമ്പോൾ കുഞ്ഞുങ്ങളുടെയടക്കമുള്ളവരുടെ ആരോഗ്യത്തിന് കെട്ടിക്കിടക്കുന്ന ഈ മാലിന്യം ദോഷം ചെയ്യുമോ എന്ന പേടിയിലാണ് നാട്ടുകാർ.
രാത്രിയിൽ ഒളിച്ചുവരുന്ന മാലിന്യം
പെരുമ്പടപ്പ് അന്തിമാർക്കറ്റ് ചീഞ്ഞളിയാൻ നിരവധി കാരണങ്ങളുണ്ട്. അധികൃതരുടെ കൃത്യമായ ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാർക്കറ്റ് പരിസരത്ത് കാമറ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്.
കാരണങ്ങൾ
1. ദിനംപ്രതി ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം യഥാസമയം കോർപ്പറേഷൻ ജീവനക്കാർ നീക്കം ചെയ്യുന്നില്ല
2. ഡിവിഷൻ കൗൺസിലർക്ക് കച്ചവടക്കാർ രേഖാമൂലം പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ല
3. രാത്രികാലങ്ങളിൽ കോർപ്പറേഷൻ പരിധിയിലെയും കുമ്പളങ്ങി പഞ്ചായത്തിലെയും മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നു
4. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നു
രാത്രിയായാൽ മാർക്കറ്റ് പരിസരത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്ന മദ്യപാനികളുടെയും കഞ്ചാവ് - മയക്കുമരുന്ന് മാഫിയകളുടെയും കേന്ദ്രമാകും ഇവിടം. കായലിൽചൂണ്ടയിടാനെന്ന വ്യാജേനയാണ് പുറത്ത് നിന്നുള്ളവർ ഇവിടെ തമ്പടിക്കുന്നത്. അടിയന്തരമായി മാർക്കറ്റ് പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തണം
പി.ആർ. അജാമളൻ
പരിസ്ഥിതി പ്രവർത്തകൻ