ആലുവ: ജലജീവൻ മിഷൻ പദ്ധതിക്കായി ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡ് കുഴിച്ചതിനെ തുടർന്നുള്ള ശോച്യാവസ്ഥ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജലജീവൻ മിഷൻ പദ്ധതിക്കായി വാട്ടർ അതോറിട്ടിക്ക് വിട്ടുനൽകിയ റോഡ് തിരികെ പി.ഡബ്ല്യൂ.ഡിക്ക് കൈമാറാത്തതിനാൽ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. ജലജീവൻ മിഷൻ പദ്ധതി അനിശ്ചിതമായി നീളുകയാണെന്നും സമയബന്ധിതമായി പൈപ്പിടൽ പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പൈപ്പിൽ പ്രഷർ പരിശോധനക്ക് ശേഷമെ റോഡ് ടാറിംഗിന് സാധിക്കുവെന്നും ഇതുമൂലം സാങ്കേതികമായ കാലതാമസം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.