കൊച്ചി: ലോക നഗരങ്ങൾ നേരിടുന്ന സുസ്ഥിര വികസന രംഗത്തെ വെല്ലുവിളികൾക്കുള്ള നിർദ്ദേശങ്ങളുടെയും പരിഹാരങ്ങളുടെയും വേദിയാകുന്ന ബ്രസീലിലെ സാവോ പോളോയിൽ നടക്കുന്ന വേൾഡ് കോൺഗ്രസ് 2024ൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പങ്കെടുത്തു. ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നുമുള്ള 200ഓളം മേയർമാരടക്കം രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വേൾഡ് കോൺഗ്രസിന്റെ പ്ലീനറി സെഷനിൽ പങ്കെടുത്ത് കൊച്ചി നേരിടുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളും മേയർ വിശദീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിൽ കൊച്ചിയെ ഉൾപ്പെടുത്തിയതിന് മേയർ നന്ദി അറിയിച്ചു. കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട കനാലുകളിൽ ഒന്നായ തേവര-പേരണ്ടൂർ കാനലിന്റെ ഇക്കോ സിസ്റ്റം റെസ്റ്റോറേഷനാണ് പദ്ധതിയിലൂടെ കൊച്ചി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നഗരത്തിലെ ആറ് പ്രധാനപ്പെട്ട കനാലുകളുടെ പുനരുജ്ജീവന പദ്ധതി നിലവിൽ നടന്നുവരുന്നുണ്ട്.