വൈപ്പിൻ: മുരിക്കുംപാടം ബെൽബോ സൗത്ത് പുതുവൈപ്പ് റോഡിലെ കണ്ടെയ്‌നർ യാർഡ് മൂലം പരിസരവാസികൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് യാർഡ് നടത്തിപ്പുകാർ ഉറപ്പു നൽകി. എൽ.ഡി.എഫ്. നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കണ്ടെയ്‌നർ യാർഡിന് മുന്നിലേക്ക് കഴിഞ്ഞദിവസം ബഹുജനമാർച്ച് നടത്തിയിരുന്നു.
കണ്ടെയ്‌നർ ലോറി ചീറിപ്പായുന്നതിനാൽ പരിസരത്തും റോഡരികിലുമുള്ള വീടുകൾക്കാണ് കേടുപാടുണ്ടായിട്ടുള്ളത്. മതിൽ വിണ്ടു കീറിയിട്ടുണ്ട്. യാർഡിന് കിഴക്കുവശത്തെ താമസക്കാർക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ സന്ദർശനം നടത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാരം നൽകും. സംസ്ഥാനപാതയിൽ നിന്നും ബെൽബോ റോഡ് വഴി യാർഡിലേക്കുള്ള കണ്ടെയ്‌നർ ലോറി നീക്കം പൂർണമായും ഉപേക്ഷിക്കും. യാർഡിൽ കഞ്ചാവു മാഫിയകളുടെ നീക്കം അറിയാൻ സി.സി. ടി.വി. ക്യാമറകൾ സ്ഥാപിക്കും. കണ്ടെയ്‌നർ നീക്കം മൂലം ബെൽബോ റോഡിലുണ്ടായിട്ടുള്ള കുഴികൾ ടാർ ചെയ്യും എന്നീ കാര്യങ്ങളിലാണ് തീരുമാനമായത്.
എൽ.ഡി.എഫിനെ പ്രതിനീധീകരിച്ച് സി.പി. എം ഏരിയ സെക്രട്ടറി എ. പി. പ്രിനിൽ, ലോക്കൽ സെക്രട്ടറി എം. പി. പ്രശോഭ്, എൻ.സി.പി. ബ്ലോക്ക് പ്രസിഡന്റ് എം. എച്ച്. റഷീദ്, ബ്ലു ഓഷ്യൻ കണ്ടെയ്‌നർ ടെർമിനലിനു വേണ്ടി നിബു ജയൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.