ദുർബല വകുപ്പ് ചുമത്തിയെന്ന് ആക്ഷേപം
മൂവാറ്റുപുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കെ.എസ്.ഇ.ബി. ജീവനക്കാരനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
പായിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ പരാതിയിലാണ് നെല്ലിക്കുഴി കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരൻ പായിപ്ര മൈക്രോ ജംഗ്ഷനിൽ ഇടശേരികുടിയിൽ നസീറിനെതിരെ കേസെടുത്തത്. എന്നാൽ ദുർബല വകുപ്പുകൾ ചേർത്ത് പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസ് നടത്തിയതെന്ന് കുടുംബം ആരോപിച്ചു. കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ മടക്കി അയച്ചുവെന്നാണ് ഇവരുടെ പരാതി.
ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുക്കുന്നതെങ്കിൽ അറസ്സ് അനിവാര്യമല്ലെന്നാണ് പൊലീസ് വിശദീകരണം. പരാതിക്കാരിയുടെ മൊഴി പ്രകാരമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ അറസ്റ്റ് ആവശ്യമില്ലെന്നുമാണ് ഉദ്യോസ്ഥരുടെ വാദം. രാഷ്ട്രീയവും സാമ്പത്തികപരവുമായ സ്വാധീനത്തെ തുടർന്നാണ് പൊലീസ് നിസാര വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ വിട്ടയച്ചതെന്നാണ് ആരോപണം.
ജനപ്രതിനിധിയായ സി.പി.ഐ. നേതാവും കോൺഗ്രസ് നേതാവും പ്രതിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വാടക വീട്ടിൽ താമസിക്കുന്ന വീട്ടമ്മയ്ക്ക് ഭിന്നശേഷിക്കാരിയ ഇരുപത്തി നാല് വയസുളള മകളുമുണ്ട്.