abinb
അബിൻ

കൊച്ചി: പെരുമ്പാവൂർ ഒന്നാംമൈലിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് കവർച്ച നടത്തിയ കേസിലെ പ്രതി നെല്ലിക്കുഴി ചിറപ്പടി പുത്തൻപുരയ്ക്കൽ അബിൻ ടോമിയെ (24) പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ 18ന് പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. വീട്ടമ്മയെയും ആക്രമിക്കുകയും കിടപ്പു മുറിയിൽ നിന്നും 3200 രൂപ കവരുകയും ചെയ്തി​രുന്നു. നെല്ലിക്കുഴിയിൽ അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ്പി​ടി​യി​ലായത്.

കഴിഞ്ഞ 16ന് കോടനാട് പിഷാരിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയതായും പ്രതി കുറ്റസമ്മത മൊഴി നൽകി. കുറുപ്പുംപടി, കോതമംഗലം, പെരുമ്പാവൂർ, കോടനാട് സ്റ്റേഷനുകളിൽ വി​വി​ധ കേസുകളുണ്ട്. 2023ൽ പെരുമ്പാവൂരി​ൽ സംഘം ചേർന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും ഇന്നോവ കാറും കവർന്ന കേസും നിലവിലുണ്ട്. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്‌പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്‌പെക്ടർ റെജി മോൻ, എ.എസ്‌.ഐ പി.എ. അബ്ദുൽ മനാഫ് സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, എ.ടി. ജിൻസ്, കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.