കൊച്ചി: പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരം ചെയ്യുമെന്ന എസ്.എഫ്.ഐ നിലപാട് പരിഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മലബാറിലടക്കം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടായ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ആദ്യം സമരരംഗത്തെത്തിയത് കെ.എസ്.യുവാണ്. പ്ലസ്‌വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചു. കെ.എസ്.യു പ്രതിഷേധത്തിനൊടുവിൽ സീറ്റുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോൾ അതുവരെ ഉറക്കം നടിച്ചിരുന്ന എസ്.എഫ്.ഐ പൊടുന്നനെ സർക്കാരിനെതിരെ സമരം ചെയ്യുമെന്നുള്ള പ്രസ്താവനയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.