kalamassert

കൊച്ചി: രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നിലംനികത്തു മാഫിയ വീടിനുചുറ്റും പിടിമുറുക്കിയപ്പോൾ ആശുപത്രി മുറി അഭയകേന്ദ്രമാക്കി കളമശേരിയിലെ സി.പി.എം കുടുംബം. മസ്തിഷ്കാഘാതം വന്ന് ഗുരുതരാവസ്ഥയിൽ രണ്ടു മാസമായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള സി.പി.എം. കളമശേരി മുൻ ഏരിയ കമ്മിറ്റിയംഗം പള്ളിലാംകര റോക്‌വെൽ റോഡ് പെരുംപിള്ളിൽ പി.വി. ജോഷിയുടെ ഭാര്യ അത്യാവശ്യത്തിനുപോലും സ്വന്തം വീട്ടിലേക്ക് പോകാൻ ഭയന്നാണ് ആശുപത്രിയിൽ കഴിയുന്നത്.

ഒരേക്കറോളം വരുന്ന പെരുമ്പിള്ളിത്താഴം പുഞ്ചപ്പാടത്തിന് സമീപമാണ് ജോഷിയുടെ വീട്. പാടശേഖരം റിയൽ എസ്റ്റേറ്റ് മാഫിയ മണ്ണിട്ട് ഉയർത്തിയപ്പോഴുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ കളമശേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കണ്ടുപിടിച്ച എളുപ്പവഴിയാണ് ജോഷിയുടെ പറമ്പിലൂടെ ചാലുകീറുകയെന്നത്. മുമ്പുണ്ടായിരുന്ന തോട് ജോഷി നികത്തിയതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് മുനിസിപ്പാലിറ്റി ന്യായീകരിക്കുമ്പോൾ ഇവിടെ തോടുണ്ടായിരുന്നില്ലെന്നാണ് റവന്യൂ, സർവേ വകുപ്പുകളുടെ റിപ്പോർട്ട്. ജോഷിയുടെ ഹർജി ഗവ. പ്ലീഡറുടെ റിപ്പോർട്ടിനായി ഹൈക്കോടതി അവധിക്കുവച്ചതിനിടെയാണ് മേയ് 28ന് മതിൽപൊളിച്ച് ചാലുകീറിയത്. പാടം നികത്തിയവർക്കെതിരെ ഒരു നടപടിയുമില്ല. പാർട്ടി നേതാക്കളും ഇവർക്കൊപ്പമാണെന്നാണ് ആരോപണം.

എംഎസ് ട്രേഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ യാസർ അറഫാത്തിന്റെയും കൗൺസിലർ ടി.എം.അസൈനാരുടെയും നേതൃത്വത്തിലാണ് ജെ.സി.ബി. ഉപയോഗിച്ച് തന്റെ വീടിന്റെ മതിൽ പൊളിച്ച് ചാലുകീറിയതെന്ന് ജോഷിയുടെ ഭാര്യ വി.വി.മിനി പരാതി നൽകിയെങ്കിലും സിവിൽ കേസുളളതിനാൽ നടപടിയെടുക്കാനാവില്ലെന്നാണ് കളമശേരി പൊലീസിന്റെ നിലപാട്. ചിത്രങ്ങളും വീഡിയോ ക്ളിപ്പുകളും സമർപ്പിച്ചിരുന്നു. ഫാക്ട് റിട്ട. ജീവനക്കാരനാണ് 68കാരനായ ജോഷി. പുഞ്ചപ്പാടം നികത്തലുമായി ബന്ധപ്പെട്ട് നിരന്തരമായ വേട്ടയാടലുകളെ തുടർന്നാണ് ജോഷി തളർന്ന് വീണതെന്ന് ഭാര്യയും മക്കളും പറയുന്നു.

ഭൂമാഫിയയുടെ സൗകര്യത്തിനാണ് വീട് കൈയേറി തോടുവെട്ടിയത്. ഒരിഞ്ചുഭൂമി പോലും അധികമായി പക്കലില്ല. ഞങ്ങളുടെ ഭൂമിയും പാടവും അളന്നാൽ സത്യം തെളിയും. ഏപ്രിൽ 15 മുതൽ ഭർത്താവ് ആശുപത്രിയിലാണ്. ഇത്രയും പ്രശ്നമുണ്ടായിട്ടും ജനപ്രതിനിധികളാരും തിരിഞ്ഞുനോക്കിയിട്ടില്ല.

- വി.വി.മിനി,

ജോഷിയുടെ ഭാര്യ

പതിറ്റാണ്ടുകൾക്ക് മുമ്പ് പാടം നികത്തിയപ്പോൾ നാലുചുറ്റും ചാലുകൾ ഇട്ടിരുന്നു. ജോഷിയുടെ ഭാഗത്ത് ഇത് അടച്ചുകെട്ടിയതാണ് പ്രശ്നം. കളമശേരിയിൽ അതിതീവ്ര മഴ പെയ്ത് വെള്ളം പൊങ്ങിയപ്പോൾ മതിൽ പൊളിച്ച് തോടുവെട്ടിയത് മുനിസിപ്പൽ അധികൃതരാണ്. പാടം മണ്ണിട്ട് ഉയർത്തിയതും വെള്ളക്കെട്ടുമായി ബന്ധമില്ല.

- ടി.എ. അസൈനാർ (സി.പി.എം),

കളമശേരി നഗരസഭ എട്ടാം വാർഡ് കൗൺസിലർ.