
മൂവാറ്റുപുഴ: മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിനു സമീപത്തെ പൈനായിൽ ബേക്കറിയിലെത്തുന്നവരെ സ്വീകരിക്കുക ചില്ലിട്ടുവച്ചിരിക്കുന്ന ചൂട് പലഹാരങ്ങൾക്കൊപ്പം പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു കുഞ്ഞുലൈബ്രറി കൂടിയാണ്! കടയിലെത്തുന്നവർക്ക് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യമേകുന്ന കോഫി വിത്ത് ബുക്ക് എന്ന ആശയം ഫലപ്രദമായി നടപ്പാക്കിയിരിക്കുന്നത് കടയുടമയും നിരൂപകനും എഴുത്തുകാരനുമായ പി.എം. ഷുക്കൂർ ആണ്. ബേക്കറിയിലെ തിരക്കുകൾക്കിടയിലും വായിക്കാൻ പുസ്തകം കയ്യിലേന്തിയിട്ടുള്ള ഷുക്കൂർ തന്നെയാണ് കടയിലെത്തുന്നവർക്കും പ്രചോദനം. കോഫി വിത്ത് ബുക്ക് എന്ന ആശയം ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ ഉണ്ടെങ്കിലും മൂവാറ്റുപുഴയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. വായനയിൽ നിന്ന് അകന്നു പോകുന്ന പുതുതലമുറയെ തിരികെ വായനയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഇരുന്നൂറോളം പുസ്തകങ്ങളാണ് കടയിലെ ലൈബ്രറിയിലൊരുക്കിയിട്ടുള്ളത്.
വീട്ടിലുമുണ്ട് അടിപൊളി ലൈബ്രറി
പി.എം. ഷുക്കൂറിന്റെ ഹോംലൈബ്രറിയിൽ പുസ്തകങ്ങളുടെ എണ്ണംകേട്ടാൽ വായനക്കാർ ഞെട്ടും. 25065 പുസ്തകങ്ങൾ! വിശ്വസാഹിത്യകാരന്മായ ടോൾ സ്‌റ്റോയിയുടെയും ദസ്‌തയേവ്‌സ്കിയുടെയും മുതൽ നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെയും മാധവിക്കുട്ടിയുടെയും വരെ മിക്കവാറും എല്ലാ രചനാസൃഷ്ടികളും ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങൾ ആദ്യം തന്നെ സ്വന്തമാക്കുകയും ആദ്യവായനക്കാരനാവുകയും ചെയ്യുക എന്നത് ഹരമാണ്. വീട്ടിലെ രണ്ട് വലിയ മുറികളാണ് ലൈബ്രറിയാക്കിയിരിക്കുന്നത്. വൈദ്യശാസ്ത്രം, മതം, യാത്രാവിവരണം തുടങ്ങി എല്ലാ ശ്രേണിയിലുമുള്ള പുസ്തങ്ങളുമുണ്ടിവിടെ. 50 രൂപ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ച് വാങ്ങിയവയാണ് ലൈബ്രറിയിലെ പുസ്തകങ്ങൾ. ഹോം ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ പരിചയപ്പെടാനും നിരവധി വായനക്കാരാണ് ദിനവും എത്തുന്നത്. സ്വന്തമായി 3 പുസ്‌തകങ്ങളും എഴുതി പുറത്തിറക്കിയിട്ടുണ്ട് ഷുക്കൂർ. 'ചങ്ങമ്പുഴ: ജീവിതവും കലാപവും' എന്ന പുസ്‌തകമാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്‌തകം.
വായനയ്ക്ക് എഴുത്തിനോളം തന്നെ പ്രാധാന്യമുണ്ട്. ഒറ്റപ്പെട്ട തുരുത്തിൽ അഭയമാണ് വായന. വായനയെ ജനകീയമാക്കുകയാണ് ബേക്കറിയിലെയും വീട്ടിലെയും ലൈബ്രറി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സംവിധായകൻ ജോഷി ജോസഫാണ് കോഫി വിത്ത് ബുക്ക് എന്ന ആശയം എന്നോട് പറഞ്ഞത്. ഇതിലൂടെ വായനയെ ഒരു സംസ്കാരമാക്കി വളർത്തണമെന്നാണ് ആഗ്രഹം. ബേക്കറിയിലെത്തുന്ന ആളുകൾക്ക് പുസ്തകങ്ങളെ പറ്റി ചർച്ച ചെയ്യാനുള്ള ഇടമൊരുക്കണമെന്നും ആഗ്രഹമുണ്ട്.
പി.എം. ഷുക്കൂർ