പറവൂർ: പറവൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ പത്ത് ഹോട്ടലുകളിൽ കൂടി പരിശോധന നടത്തി. ഡോൺബോസ്കോ ആശുപത്രിക്ക് എതിർവശമുള്ള സ്വാഗത് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ വീണ്ടും പിടിച്ചെടുത്തു. ആഹാരസാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ കൈകാര്യം ചെയ്തതിനും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനും പിഴ ചുമത്തി നോട്ടീസ് നൽകി. ഡോൺ ബോസ്കോ ആശുപത്രിയിലെ വനിത സ്വാശ്രയ ക്യാന്റീൻ, ചേന്ദമംഗലം കവലയിലെ മാങ്കറ ഹോട്ടൽ, ഹോട്ടൽ സി.സി ടവർ, ചൈത്രം ബേക്കറി എന്നിവിടങ്ങളിൽ കൃത്യമായ ലേബലില്ലാതെ ഭക്ഷ്യവസ്തുക്കൾ ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തി. ചേന്ദമംഗലം കവലയിലെ തക്കാഷി, സി.സി ടവർ എന്നീ ഹോട്ടലുകളിൽ മാലിന്യം കത്തിച്ചു കളയുന്നതിനെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കെ.എം.കെ ആശുപത്രിയുടെ ക്യാന്റീനിനും പിഴ ചുമത്തി. 19ന് അഞ്ച് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. 1.25 ലക്ഷം രൂപയാണ് പിഴയിട്ടത്. 20ന് വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മാംസാഹാരം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്ര സംഭവത്തിൽ കിഴക്കേപുറത്തുള്ള കാറ്ററിംഗ് സ്ഥാപനത്തിന് 50,000 രൂപ പിഴയിട്ടിരുന്നു. കഴിഞ്ഞ മാസം ചേന്ദമംഗലം കവലയിലെ രണ്ട് സ്ഥാപനങ്ങളുടെ മാലിന്യം കുഴലുകളിലൂടെ കാനയിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തിയിരുന്നു. രണ്ട് സ്ഥാപനങ്ങൾക്കും 50,000 രൂപ പിഴയിട്ടിരുന്നു.

--------------------------------------------------------

ഹോട്ടുലുടമകൾ പിഴയടക്കാൻ തയ്യാറായില്ലെങ്കിൽ കർശന നടപടിയെടുക്കും. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. പിഴയടക്കാത്ത ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ.