കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ജൂലായ് മൂന്നിന് ശേഷം പുറത്താക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം സിറോ മലബാർ സഭാ സിനഡ് പിൻവലിച്ചു. ഞായറാഴ്ചകളിലും പ്രധാനദിവസങ്ങളിലും ഒരു ഏകീകൃത കുർബാന വൈദികർ അർപ്പിക്കണം. വിസമ്മതിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരെ നടപടി സ്വീകരിക്കും. നിലവിൽ ഏകീകൃത കുർബാന അർപ്പിക്കുന്നവരെ തടസപ്പെടുത്തരുതെന്നും സർക്കുലറിൽ പറയുന്നു.
ജൂലായ് മൂന്നു മുതൽ മുഴുവൻ പള്ളികളിലും ആരാധനാലയങ്ങളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നും തയ്യാറാകാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമുള്ള സർക്കുലറിൽ പ്രതിഷേധം കടുത്തതോടെയാണ് നടപടി. എങ്കിലും
വിവാദ സർക്കുലർ പിൻവലിക്കില്ല. ഏകീകൃത കുർബാന പരിചയപ്പെടുത്താനും ബോധവത്കരിക്കാനും സമയം നൽകും. എന്നുവരെ എന്നത് അടുത്ത സിനഡ് യോഗം തീരുമാനിക്കും. സഭയുടെ കൂട്ടായ്‌മ നശിപ്പിക്കുന്ന വിധത്തിൽ പരസ്യപ്രസ്താവനകളിൽ നിന്ന് വൈദികരും വിശ്വാസികളും വിട്ടുനിൽക്കണം. ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. പ്രതിസന്ധിയിൽ എല്ലാവരും അച്ചടക്കവും ജാഗ്രതയും പുലർത്തണമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ എന്നിവർ പുറപ്പെടുവിച്ച സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സമവായ നടപടിയല്ല, ശാശ്വതമായ പരിഹാരവുമല്ല: അല്മായ മുന്നേറ്റം
കൊച്ചി : സീറോ മലബാർ സഭാ സിനഡാനാന്തര സർക്കുലർ തത്കാലം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം. ഞായറാഴ്ചകളിൽ മാത്രം സിനഡ് കുർബാന അർപ്പിച്ച് ശിക്ഷാനടപടികളിൽ നിന്ന് രക്ഷപ്പെടാമെന്ന് വാഗ്ദാനം ചെയ്യുന്ന സിനഡ് സർക്കുലർ മറ്റു ദിവസങ്ങളിലെ ജനാഭിമുഖ കുർബാന നിയമാനുസൃതം ആണെന്ന് പറഞ്ഞിട്ടില്ല. ഭീഷണി സർക്കുലർ പിൻവലിക്കുകയും ജനാഭിമുഖ കുർബാന നിയമപരമായി അംഗീകരിക്കുകയും ചെയ്യാതെ സിനഡിന്റെ ഒരു നിർദ്ദേശവും എറണാകുളം അതിരൂപതയിൽ നടപ്പാക്കാൻ അനുവദിക്കേല്ലെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.
അഞ്ച് മെത്രാന്മാർ എതിർപ്പ് പ്രകടിപ്പിച്ചതിന് ശേഷവും ആത്മാർത്ഥമായ ചർച്ചകൾ സംഭവിച്ചിട്ടില്ല. ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന നിലപാട് പ്രഖ്യാപിച്ച ഇടവകകളിൽ പാരിഷ് കൗൺസിലിന്റെ അനുവാദത്തോടെ മാത്രമേ ഞായറാഴ്ചകളിൽ ഒരു സിനഡ് കുർബാന എന്നത് അനുവദിക്കൂയെന്നും അല്മായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു.