ആലുവ: എൻ.സി.പി നേതാവായ എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ഖാദറിനെതിരെ സി.പി.ഐ എടത്തല കമ്മിറ്റിയിൽ രൂക്ഷ വിമർശനം. അബ്ദുൾഖാദർ പ്രതിനിധീകരിക്കുന്ന അഞ്ചാം വാർഡിലെ മുറാദ് റോഡ് നിർമ്മാണം ഫണ്ട് അനുവദിച്ച് രണ്ട് വർഷത്തോളമായിട്ടും ആരംഭിക്കാൻ കഴിയാത്തതാണ് വിമർശനത്തിന് കാരണം.
മുറാദ് റോഡ് ടാറിംഗിനും കലുങ്ക് നിർമ്മാണത്തിനുമായി ജില്ലാ പഞ്ചായത്ത് ഒന്നര വർഷം മുമ്പ് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ മുൻകൈയെടുത്താണ് ഫണ്ട് അനുവദിപ്പിച്ചത്. മുസ്ലീംലീഗ് അനുഭാവിയുടെ വീടിന് മുമ്പിലാണ് കലുങ്ക് നിർമ്മിക്കുന്നതെന്നും അതിനാൽ പദ്ധതി തുക മറ്റൊരു റോഡിനായി ചെലവഴിക്കണമെന്നുമാണ് വൈസ് പ്രസിഡന്റ് ആവശ്യപ്പെടുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയ പഞ്ചായത്ത് എ.ഇയുടെ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തു.
വൈസ് പ്രസിഡന്റിന്റെ വാർഡിൽ തന്നെയുള്ള ചേർമുളത്ത് റോഡിനും വടാശേരി - പൂതാവുങ്കൽ റോഡിനും 30 ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. എന്നിട്ടും വൈസ് പ്രസിഡന്റ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും റെെജ അമീർ ആരോപിച്ചു.
പി.സി. ചാക്കോയുടെ അന്ത്യശാസനം
ആലുവ: എൻ.സി.പി സംസ്ഥാന സമിതി അംഗമായ എം.എ. അബ്ദുൾഖാദറിനോട് എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ അന്ത്യശാസനം. കഴിഞ്ഞ 20ന് എറണാകുളത്ത് വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്. ബ്ളോക്ക് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.
എന്നാൽ ഒരാഴ്ചയ്ക്കകം വേണമെങ്കിൽ പാർട്ടിയിൽ നിന്നും രാജിവെക്കാമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നുമാണ് അബ്ദുൾഖാദറിന്റെ നിലപാട്. സി.പി.എം പിന്തുണയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അവകാശപ്പെടുന്നുണ്ട്.
സിപി.ഐ മണ്ഡലം സെക്രട്ടറി അസ്ളഫ് പാറക്കാടന്റെയും ജില്ലാ കമ്മിറ്റി അംഗം എ. ഷംസുദ്ദീന്റെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് വൈസ് പ്രസിഡന്റിന്റെ നിലപാടിനെതിരെ എല്ലാ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവരോടും മോശമായി പെരുമാറുന്നതായും തട്ടിക്കയറുന്നതായും യോഗത്തിൽ ആക്ഷേപം ഉയർന്നു. എൽ.ഡി.എഫ് ആലുവ മണ്ഡലം കൺവീനറായ വൈസ് പ്രസിഡന്റ് പഞ്ചായത്തിൽ എൽ.ഡി.എഫിന് ബാദ്ധ്യതയാകുകയാണെന്നാണ് ഒരംഗം യോഗത്തിൽ അഭിപ്രായപ്പെട്ടത്.