minimol
മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായി തിരഞ്ഞെടുത്ത അഡ്വ. വി.കെ. മിനിമോൾക്ക് ജെബി മേത്തർ എം.പി മധുരം നൽകുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഏക സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം നേടി കോൺഗ്രസ്. മരാമത്ത് സ്ഥിരം സമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഒമ്പതംഗ കമ്മിറ്റിയിൽ അ‌ഞ്ച് വോട്ടുകൾ നേടിയാണ് മാമംഗലം കൗൺസിലറായ അഡ്വ. വി.കെ. മിനിമോൾ വിജയിച്ചത്. കോൺഗ്രസിനും സി.പി.എമ്മിനും തുല്യ അംഗബലമുള്ള സമിതിയിൽ ആർ.എസ്.പി പ്രതിനിധിയായ സുനിതാ ഡിക്‌സണിന്റെ വോട്ട് ആണ് കോൺഗ്രസ് വിജയത്തിന് നിർണായകമായത്. വൈറ്റില ഡിവിഷൻ കൗൺസിലറായിരുന്ന സുനിതാ ഡിക്‌സൺ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫ് പ്രതിനിധിയായാണ് സുനിതാ ഡിക്‌സൺ മരാമത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. രണ്ട് വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകാമെന്നായിരുന്നു ധാരണ. രണ്ടര വർഷം കഴിഞ്ഞപ്പോൾ രാജിവയ്ക്കാൻ യു.ഡി.എഫ് സുനിതയോട് ആവശ്യപ്പെട്ടു. എന്നാൽ സുനിത രാജിക്ക് തയ്യാറായില്ല. തുടർന്ന് കോൺഗ്രസ് സുനിതയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. കോൺഗ്രസിനൊപ്പം നിൽക്കണമെന്ന പാർട്ടി വിപ്പ് ലംഘിച്ച് സുനിത എൽ.ഡി.എഫിനൊപ്പം അവിശ്വാസ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസം തള്ളിപ്പോകുകയും യു.ഡി.എഫിന്റെ പിന്തുണയില്ലാതെ സുനിത ചെയർമാൻ സ്ഥാനം നിലനിർത്തുകയും ചെയ്തു.
ഇതിനിടെ വിപ്പ് ലംഘിച്ച കുറ്റത്തിന് സുനിതയ്‌ക്കെതിരെ ആർ.എസ്.പിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകി. പരാതിയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ 'അയോഗ്യത' ഭയന്ന് കഴിഞ്ഞ ഏപ്രിലിൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
സി.പി.എമ്മിൽ നിന്ന് ദീപ വർമയാണ് മത്സരംഗത്തുണ്ടായിരുന്നത്. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ പുതിയ മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.