കൊച്ചി: വയറിളക്ക ബാധയുണ്ടായ കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റുകളിൽ സ്ഥിതിഗതി നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പ്. അഡിഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ.കെ.പി. റീത്തയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെയും കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ 21 ഫ്‌ളാറ്റുകളിൽ നിന്നായി പരിശോധിച്ച വെള്ളത്തിൽ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 496 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഒരാൾക്കാണ് പുതുതായി രോഗം ബാധിച്ചത്.
കഴിഞ്ഞ 17നാണ് ഡി.എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുള്ള കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ളവർക്ക് വയറിളക്കം, ഛർദ്ദി, നെഞ്ചിരിച്ചിൽ തുടങ്ങിയവ ബാധിച്ചത്.